തന്റെ പേരിലുള്ള വ്യാജ ലോൺ ആപ്പിനെതിരെ പ്രതികരിച്ചുക്കൊണ്ട് രം​ഗത്തു വന്നിരിക്കയാണ് സിനിമാ താരം അജു വർ​ഗീസ്. അനുമതിയില്ലാതെ തന്റെ പേരും ചിത്രവും വച്ച് ലോൺ ആപ്പിന്റെ പരസ്യം ചെയ്യുന്നു ആരും ചതിയിൽപ്പെടരുത് എന്ന് വ്യക്തമാക്കി കൊണ്ടാണ് അജു വർ​ഗീസ് രം​ഗത്തു വന്നത്.

എ എം ട്രസ്റ്റ് ലോൺ സർവ്വീസസ് എന്ന സ്വകാര്യ സ്ഥാപനമാണ് അജുവിന്റെ പേരും ചിത്രവും ഉപയോ​ഗിച്ച് പരസ്യം ചെയ്തത്. കേരളത്തിൽ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോൺ നൽകുമെന്നാണ് സ്ഥാപനത്തിന്റെ പരസ്യ വാചകം. ഒരു ലക്ഷത്തിന് പ്രതിമാസം 3042 അടച്ചാൽ മതിയെന്നും പരസ്യത്തിൽ പറയുന്നു. എന്നാൽ തനിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് താരം പറയുന്നു. വ്യാജ വാ​ഗ്ദാനങ്ങളിൽ വീണ് പണം നഷ്ടമാവരുതെന്നും താരം വ്യക്തമാക്കുന്നു.

‘എന്റെ അനുമതി കൂടാതെ ഒരു അനധികൃത ബാങ്ക് സ്ഥാപനം എന്റെ പേരും ചിത്രവും പരസ്യത്തിന് വേണ്ടി ഉപയോ​ഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഈ പദ്ധതിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഇത്തരത്തിലുള്ള വ്യാജ വാ​ഗ്ദാനങ്ങളിൽ വീണ് നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കളയരുത്’ താരത്തിന്റെ വാക്കുകൾ.

ഈയിടെ ലോൺ ആപ്പുകൾ കൊണ്ടുള്ള അപകടങ്ങൾ വ‍ർദ്ധിച്ചു വരികയാണ്. അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിലും ലോൺ ആപ്പ് ആണ് കാരണമെന്ന് ആരോപണമുയർന്നിരുന്നു. ഇക്കഴിഞ്ഞ ദിവസം വടകരയിൽ യുവാവിനെ കാണാതായ കേസിലും ലോൺ ആപ്പ് തന്നെയായിരുന്നു വില്ലൻ. ആപ്പിന്റെ വിശ്വാസ്യത വർദ്ധിക്കാൻ ഇത്തരക്കാർ സിനിമാ താരങ്ങളുടെയും മറ്റും ചിത്രം ഉപയോ​ഗിച്ച് പരസ്യം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *