തൃശൂര്‍: തൃശൂരില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളിലൊരാളുടെ നില മെച്ചപ്പെടുന്നുവെന്ന് റിപോര്‍ട്ട്. പാമ്പുകടിയേറ്റ് മരിച്ച സില്‍ജോയുടെ മകന്‍ അല്‍ജോയുടെ സഹോദരന്‍ അനോഷിന്റെ ആരോഗ്യനിലയിലാണ് പുരോഗതി. ഇക്കഴിഞ്ഞ ദിവസമാണ് കൊടകര മറ്റത്തൂരില്‍ ഉറക്കത്തിനിടെ എട്ടുവയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചത്.
പുലര്‍ച്ചെയാണ് കുട്ടികളെ അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവും വഴിയാണ് അല്‍ജോ മരിച്ചത്. രാത്രി രണ്ടു മണിയോടെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ തലേദിവസം ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയായിരിക്കാം എന്നാണ് വീട്ടുകാര്‍ കരുതിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമായത്.
നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വീടിനുള്ളില്‍ വിശദമായി നടത്തിയ തിരച്ചിലിലാണ് കുട്ടികള്‍ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്.
