മുംബൈ ഇന്ത്യൻസിനോടേറ്റ 99 റൺസിന്റെ കനത്ത തോൽവിക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ക്യാമ്പിൽ കടുത്ത നിരാശ. പവർപ്ലേ ഓവറുകളിൽ കാഗിസോ റബാഡ മുംബൈയെ സമ്മർദ്ദത്തിലാക്കിയെങ്കിലും മധ്യ ഓവറുകളിൽ ബോളർമാർ അമിതമായി റൺസ് വിട്ടുകൊടുത്തതാണ് തിരിച്ചടിയായതെന്ന് ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ തുറന്നുപറഞ്ഞു. പിച്ചിന്റെ സ്വഭാവം മുൻകൂട്ടി മനസ്സിലാക്കിയിട്ടും അത് മുതലാക്കാൻ ബോളിംഗ് നിരയ്ക്ക് സാധിച്ചില്ലെന്നും 160-170 റൺസ് മാത്രം പ്രതീക്ഷിച്ചയിടത്ത് മുംബൈ 200 റൺസിലേക്ക് എത്തിയത് വിനയായെന്നും ഗിൽ മത്സരശേഷം വ്യക്തമാക്കി.

ഗുജറാത്ത് ടൈറ്റൻസിന്റെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണിത്. 2025-ൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ വഴങ്ങിയ 83 റൺസിന്റെ തോൽവിയെയാണ് മുംബൈ ഇപ്പോൾ മറികടന്നത്. മുംബൈ ഉയർത്തിയ 200 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് തുടക്കം മുതലേ അടിപതറി. സായ് സുദർശൻ റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ തകർച്ച തുടങ്ങിയ ടീമിന് പവർപ്ലേയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മുംബൈയുടെ അശ്വാനി കുമാർ (4/24), മിച്ചൽ സാന്റ്നർ (2/16), ഗസൻഫർ (2/17) എന്നിവരുടെ ആക്രമണത്തിന് മുന്നിൽ ഗുജറാത്ത് വെറും 100 റൺസിന് കൂടാരം കയറി.

ഈ വമ്പൻ ജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് കുതിച്ചു. എന്നാൽ തോൽവി ഗുജറാത്തിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളുക മാത്രമല്ല, അവരുടെ നെറ്റ് റൺറേറ്റിനെ (-0.821) സാരമായി ബാധിക്കുകയും ചെയ്തു. വരാനിരിക്കുന്ന എവേ മത്സരങ്ങളിൽ ശക്തമായ മാറ്റങ്ങളോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ശുഭ്മാൻ ഗില്ലും സംഘവും.

Leave a Reply

Your email address will not be published. Required fields are marked *