ന്യൂഡൽഹി: ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ റിലീസിന് തയ്യാറെടുക്കവെ നിർമ്മാതാക്കൾക്ക് തിരിച്ചടിയായി ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ. ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ വിൽക്കുന്നതിനാണ് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ നൽകിയ ഹർജിയിലാണ് ഈ നടപടി.

മെയ് 21-ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെ, കേസ് വീണ്ടും പരിഗണിക്കുന്ന മെയ് 15 വരെയാണ് കോടതി വിലക്ക് നിലനിൽക്കുന്നത്. ദൃശ്യം 3-ന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ അവകാശങ്ങൾ തങ്ങൾക്കാണെന്നും, ആശിർവാദ് സിനിമാസുമായി ഇതിനകം കരാറിലേർപ്പെട്ടിട്ടുണ്ടെന്നുമാണ് ആമസോൺ പ്രൈം വാദിക്കുന്നത്. തങ്ങളുടെ അനുമതിയില്ലാതെ മറ്റ് കമ്പനികളുമായി ഡിജിറ്റൽ റൈറ്റ്സ് കരാറുകളിൽ ഏർപ്പെടാൻ നിർമ്മാതാക്കൾക്ക് അവകാശമില്ലെന്ന് കാട്ടിയാണ് ആമസോൺ കോടതിയെ സമീപിച്ചത്.

ഡിജിറ്റൽ അവകാശങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളായ SVOD, TVOD, AVOD തുടങ്ങിയവയെല്ലാം തങ്ങൾക്ക് സ്വന്തമാണെന്ന് ആമസോൺ പ്രൈം നേരത്തെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഇത്തരം കരാറുകളിൽ ഏർപ്പെടുന്നത് നിയമനടപടികൾക്ക് കാരണമാകുമെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ, മലയാളം പതിപ്പിന്റെ ആഗോള തിയേറ്റർ-ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസ് വാങ്ങിയതായി റിപ്പോർട്ടുകൾ വന്നതാണ് തർക്കത്തിന് കാരണമായത്.

മലയാള സിനിമാ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. എന്നാൽ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒടിടി റൈറ്റ്സുമായി ബന്ധപ്പെട്ടുണ്ടായ ഈ നിയമതടസ്സം നിർമ്മാതാക്കൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മെയ് 15-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ മാത്രമേ ഇതിൽ അന്തിമമായൊരു വ്യക്തത ലഭിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *