കോട്ടയം: വിരമിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരി തന്റെ വാഹനത്തിൽ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ അനധികൃതമായി പ്രദർശിപ്പിച്ചതിൽ അന്വേഷണം. സംഭവത്തിൽ കോട്ടയം എസ്പിയോട് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടി. ടോമിൻ തച്ചങ്കരിയുടെ വാഹനത്തിലെ നക്ഷത്രത്തെക്കുറിച്ച് വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് നടപടി.
അഭിഭാഷകനായ കൊളത്തൂർ ജയ് സിംഗ് നൽകിയ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കൂടാതെ ടോമിൻ ജെ. തച്ചങ്കരിക്കെതിരെ മുക്കം പൊലീസിലും പരാതിയുണ്ട്. കോഴിക്കോട് ചെറുവാടി സ്വദേശി സി.ടി. മുനീറാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം കോട്ടയം കോടതിയിൽ എത്തിയ ടോമിൻ ജെ. തച്ചങ്കരി സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ചിഹ്നമായ മൂന്ന് നക്ഷത്രങ്ങൾ പതിപ്പിച്ചിരുന്നു. മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ പിന്നീട് ഇത് മാറ്റുകയായിരുന്നു. ടോമിൻ ജെ. തച്ചങ്കരി സേവനത്തിൽ നിന്ന് വിരമിച്ച് മൂന്നു വർഷക്കാലവും ഈ ബോർഡ് വച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും പലയിടങ്ങളിലും വച്ച് ഇത്തരത്തിൽ നക്ഷത്ര ചിഹ്നമുള്ള കാർ ഉപയോഗിച്ചിരുന്നതായും ആരോപണമുണ്ട്.
