പത്തനംതിട്ട: മുണ്ടത്തിക്കോട് പടക്കപ്പുരയിലുണ്ടായ സ്ഫോടനത്തിൽ 15 പേർക്ക് ജീവൻ നഷ്ടമായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ വെടിക്കെട്ട് ഉപേക്ഷിച്ചു. മെയ് 7, 8 തീയതികളിൽ നടക്കുന്ന വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കരിമരുന്ന് പ്രയോഗമാണ് ഒഴിവാക്കിയത്. വെടിക്കെട്ടിനായി കരുതിയിരുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും പള്ളി അധികൃതർ തീരുമാനിച്ചു.

തൃശ്ശൂർ പൂരത്തിന്റെ മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ അപകടമാണ് കേരളത്തെ നടുക്കിയത്. ഏപ്രിൽ 21-നുണ്ടായ സ്ഫോടനത്തിൽ 13 പേർ സംഭവസ്ഥലത്തും പിന്നീട് ചികിത്സയിലായിരുന്ന വെടിക്കെട്ട് ലൈസൻസി സതീശൻ ഉൾപ്പെടെ രണ്ടുപേർ ആശുപത്രിയിലും മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 15 ആയി ഉയർന്നിരിക്കുകയാണ്.

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരത്തിനും വെടിക്കെട്ട് ഉണ്ടാവില്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ തീരുമാനിച്ചത്. എന്നാൽ കുടമാറ്റം, ഇലഞ്ഞിത്തറ മേളം, മഠത്തിൽവരവ് തുടങ്ങിയ മറ്റ് ചടങ്ങുകളെല്ലാം പതിവുപോലെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *