ന്യൂഡൽഹി: അധ്യാപക നിയമനത്തിനും പ്രമോഷനും ടെറ്റ് പരീക്ഷ നിർബന്ധമാക്കിയ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ചേംബറിൽ ഹർജികൾ പരിശോധിക്കുന്നത്. കേരള സംസ്ഥാന സർക്കാർ, ദേശീയ അധ്യാപക പരിഷത്ത് എന്നിവരുൾപ്പെടെ 45 കക്ഷികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുണ്ടായിട്ടും ടെറ്റ് പാസാകാത്ത പതിനായിരക്കണക്കിന് അധ്യാപകർക്ക് ഈ കോടതി നടപടി ഏറെ നിർണ്ണായകമാണ്. ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യവും കക്ഷികൾ ഉന്നയിച്ചിട്ടുണ്ട്.
2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുതെന്നും വിരമിക്കുന്നത് വരെ തുടരാൻ അനുവദിക്കണമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ആവശ്യം. നിലവിലെ ഉത്തരവ് നടപ്പിലാക്കിയാൽ ഉയർന്ന യോഗ്യതകളോടെ ജോലിയിൽ പ്രവേശിച്ച അരലക്ഷത്തോളം അധ്യാപകരുടെ നിലനിൽപ്പിനെയും പ്രമോഷനെയും അത് ബാധിക്കും. എന്നാൽ, കുട്ടികളുടെ ബോധനശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്ന ടെറ്റ് പരീക്ഷ എല്ലാ അധ്യാപകർക്കും നിർബന്ധമാണെന്നായിരുന്നു സുപ്രീം കോടതിയുടെ മുൻ ഉത്തരവ്. ഈ നിയമപോരാട്ടത്തിലെ കോടതിയുടെ അടുത്ത നീക്കം അധ്യാപക ലോകം ഉറ്റുനോക്കുകയാണ്.
