2008-ലെ ഐപിഎൽ സീസണിൽ നടന്ന വിവാദമായ ‘സ്ലാപ്പ് ഗേറ്റ്’ സംഭവത്തിൽ ഹർഭജൻ സിങ്ങിനെതിരെ കടുത്ത ആരോപണങ്ങളുമായി എസ്. ശ്രീശാന്ത്. ഹർഭജൻ സിങ് തന്നെ മുഖത്തടിച്ച സംഭവത്തെ ആസ്പദമാക്കി ഈയിടെ ഒരു പരസ്യത്തിൽ അഭിനയിച്ചതാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്. ആ സംഭവത്തിലൂടെ അദ്ദേഹം ലക്ഷങ്ങൾ സമ്പാദിച്ചുവെന്നും എന്നാൽ തനിക്ക് നേരിടേണ്ടി വന്നത് വലിയ മാനക്കേടാണെന്നും ശ്രീശാന്ത് പറഞ്ഞു.
വിവാദമായ ആ മർദ്ദന സംഭവത്തെ ഒരു പരസ്യമാക്കി മാറ്റി ഹർഭജൻ പണം ഉണ്ടാക്കിയെന്ന് ശ്രീശാന്ത് ആരോപിക്കുന്നു. “ആ സംഭവത്തെ ആസ്പദമാക്കി അദ്ദേഹം ഒരു പരസ്യം ചെയ്തു, പൈസ ഉണ്ടാക്കി. ഏകദേശം 80 ലക്ഷമോ ഒരു കോടി രൂപയോ അതിന് ലഭിച്ചു കാണും. എന്നിട്ട് എന്നെ വിളിച്ച് അതിന്റെ സ്റ്റോറി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ആവശ്യപ്പെട്ടു. പൊറുക്കാം, പക്ഷേ മറക്കരുത് എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്,” ശ്രീശാന്ത് വ്യക്തമാക്കി. ഇതിനുപിന്നാലെ ഹർഭജനെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതായും ശ്രീശാന്ത് വെളിപ്പെടുത്തി.
അന്ന് ഹർഭജൻ മുഖത്തടിച്ചപ്പോൾ തിരിച്ചു പ്രതികരിച്ചിരുന്നെങ്കിൽ തനിക്ക് ആജീവനാന്ത വിലക്ക് ലഭിക്കുമായിരുന്നുവെന്ന് ശ്രീശാന്ത് ഓർത്തെടുത്തു. “അന്ന് ഞാൻ തിരിച്ചൊന്ന് തല്ലുകയോ ഉന്തുകയോ ചെയ്തിരുന്നെങ്കിൽ എന്റെ കരിയർ അവിടെ തീരുമായിരുന്നു. ബ്രെറ്റ് ലീ ഉൾപ്പെടെയുള്ളവർ പിടിച്ചുമാറ്റിയതുകൊണ്ടാണ് അന്ന് നിയന്ത്രണം വിടാതിരുന്നത്. എന്നാൽ മലയാളികളെ നാണം കെടുത്തി എന്ന് പറഞ്ഞ് അന്ന് എന്നെ പരിഹസിച്ചവർ ആരെങ്കിലും അന്ന് എന്നെ സഹായിക്കുമായിരുന്നോ?” ശ്രീശാന്ത് ചോദിക്കുന്നു.
ഹർഭജൻ നല്ല മനുഷ്യനാണെന്ന് ലോകത്തിന് മുന്നിൽ അഭിനയിക്കുകയാണെന്നും എന്നാൽ തന്നോട് കാണിച്ചത് വെറും നാടകമാണെന്നും ശ്രീശാന്ത് ആരോപിച്ചു. തന്റെ മകളെക്കുറിച്ചുള്ള കഥകൾ പറഞ്ഞ് മറ്റുള്ളവരുടെ അനുഭാവം പിടിച്ചുപറ്റാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.
വർഷങ്ങൾക്കിപ്പുറവും ഇന്ത്യൻ ക്രിക്കറ്റിലെ ഈ കറുത്ത അധ്യായം പുതിയ വെളിപ്പെടുത്തലുകളോടെ വീണ്ടും സജീവ ചർച്ചയാവുകയാണ്.
