കൊടും ചൂടിൽ ആശ്വാസമായി മഴ വരുന്നു. ഈ മാസം 29ന് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സീസണിലെ മെച്ചപ്പെട്ട മഴ ദിവസങ്ങൾ വരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മറ്റന്നാൾ മുതൽ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി.

നാല് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ ശക്തമായി തന്നെ വേനൽമഴ പ്രതീക്ഷിക്കാം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ ഇന്ന് (25/04/2026) & 26/04/2026 വരെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസുമാണ്.

പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയുമാണ്. കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസുമാണ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *