തിരുവനന്തപുരം: മുൻ പ്രതിപക്ഷനേതാവും നിലവിലെ പ്രചാരണസമിതി അധ്യക്ഷനുമായ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ‘ദ ന്യു ഇന്ത്യൻ എക്സ്പ്രസിൽ’ ഫോക്കസ് ഫീച്ചർ പ്രസിദ്ധീകരിച്ച ഡിസിസി ജനറൽ സെക്രട്ടറി എ. പ്രിജിൻ ബാബുവിന് കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്.
കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾക്കും നിർദ്ദേശത്തിനും ദിനപത്രത്തിൽ ഫോക്കസ് ഫീച്ചറായി മുഴുവൻ പേജ് പരസ്യം നൽകിയ ഡിസിസി ജനറൽ സെക്രട്ടറി എ. പ്രിജിൻ ബാബുവിൻ്റെ നടപടി കടുത്ത അച്ചടക്ക ലംഘനമായി വിലയിരുത്തിയാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്.
തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്താൻ പാടില്ലെന്ന് എഐസിസിയും കെപിസിസിയും നിർദ്ദേശം നൽകിയിരുന്നു.
അതിന് കടക വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ് കെപിസിസി നൽകിയത്. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം കൃത്യമായ വിശദീകരണം കെപിസിസി നേതൃത്വത്തിന് നൽകാത്ത പക്ഷം തുടർ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി അറിയിച്ചു.
അതൃപ്തി അറിയിച്ച് ചെന്നിത്തല
തൻ്റെ രാഷ്ട്രീയ ജീവിതം ഇംഗ്ലീഷ് പത്രത്തിൽ ഫോക്കസ് ഫീച്ചറായി നൽകിയതിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഡി.സി.സി. ജനറൽ സെക്രട്ടറി പ്രിജിൻ ബാബുവിനെ ഇന്നലെ അതൃപ്തി അയറിയിച്ചിരുന്നു. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് സൈബറിടത്തിൽ ചർച്ചകളും തർക്കങ്ങളും നടക്കുന്നതിനിടയിലാണ് ചെന്നിത്തലയെക്കുറിച്ച് ഞായറാഴ്ച ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പരസ്യ ഫീച്ചർ വന്നത്. പ്രിജിൻബാബുവാണ് ഇത് നൽകിയതെന്ന് പത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.
തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ ഫീച്ചർ നൽകിയതിലാണ് ചെന്നിത്തല അതൃപ്ത് അറിയിച്ചത്. വിവാദങ്ങൾക്കും തെറ്റിദ്ധാരണകൾക്കും വഴിവെക്കുന്ന നടപടിയായിരുന്നുവെന്ന് ചെന്നിത്തല അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി. ഭാരവാഹിയോഗത്തിൽ തീരുമാനിച്ചിരുന്നു. പിന്നാലെ ഫീച്ചർ വന്നത് തൻ്റെ പേര് മോശമാക്കാനുള്ള പ്രചാരണത്തിന് വഴിവെക്കുന്നതാണെന്നാണ് ചെന്നിത്തല കണക്കാക്കുന്നത്.
നോട്ടീസ് കിട്ടിയില്ല : പ്രിജിൻ ബാബു
തനിക്ക് കെപിസിസിയിൽ നിന്നും നോട്ടീസ് കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ അതിന് മറുപടി നൽകുമെന്നും ഡിസിസി ജനറൽ സെക്രട്ടറി പ്രിജിൻ ബാബു ഇ ടിവി ഭാരതിനോട് പറഞ്ഞു. രമേശ് ചെന്നിത്തല മുതിർന്ന നേതാവാണ്. കുറെക്കാലം മുമ്പ് ഈ ഫോക്കസ് ഫീച്ചർ എഴുതിവെച്ചതാണ്.
തെരഞ്ഞെടുപ്പായതിനാൽ പിന്നീട് കൊടുക്കാമെന്ന് വെച്ചു. ഫീച്ചർ പ്രസിദ്ധീകരിച്ച ശേഷം ഇതിപ്പോൾ വേണ്ടായിരുന്നു എന്ന് രമേശ് ചെന്നിത്തല തന്നെ വിളിച്ചു പറഞ്ഞിരുന്നു. തന്നോട് അങ്ങനെ പറയാൻ സ്വതന്ത്ര്യമുള്ളതു കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. താൻ അതിൽ ആരെപ്പറ്റിയും ഒരു കുറ്റവും എഴുതിയിട്ടില്ല. പത്രത്തിൽ ഫീച്ചറിനൊപ്പം പ്രസിദ്ധീകരിച്ച ഫോട്ടോകൾ ഉൾപ്പെടെ തന്റെ പക്കൽ ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
