കോഴിക്കോട് നഗരത്തിൽ വി ഡി സതീശനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് സമീപത്താണ് ടൂർണമെന്റ് ജയിച്ചാൽ കപ്പ് വാങ്ങുന്നത് ക്യാപ്റ്റൻ എന്ന പേരിൽ ഫ്ലക്സ് ഉയർന്നത്. സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിർപ്പിനിടയാക്കുമെന്നാണ് ഫ്ലക്സ് ബോർഡിലെ പരാമർശം. വി.ഡി. സതീശൻ മലയാളക്കരയെ നയിക്കട്ടെ എന്നും പോസ്റ്ററിൽ പറയുന്നു. സേവ് കോൺഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകൾ. സമാനമായ തരത്തിൽ മലപ്പുറത്ത് ഉൾപ്പെടെ സതീശനായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. വി ഡി സതീശനെ നിയുക്‌ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് മൂവാറ്റുപുഴ നഗരത്തിലും ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
റിസൾട്ടുകൾ വരാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ കോൺഗ്രസിൽ സാങ്കല്പിക മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പോര് മുറുകുകയായാണ്. നേതാക്കളെല്ലാവരും അവരുടെ സ്ഥാനം ഉറപ്പിക്കാനുള്ള പരക്കംപാച്ചിലിലാണ്. എങ്ങനെ മറ്റുള്ളവരെ വെട്ടി മുന്നേറാമെന്നാണ് വിഡി സതീശനും, രമേശ് ചെന്നിത്തലയും, കെ സി വേണുഗോപാലും.
കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം ഇനിയാരും മുഖ്യമന്ത്രി ചർച്ചകൾക്ക് നേതൃത്വം നൽകരുതെന്ന് പറഞ്ഞതിന് പുല്ല് വില കൊടുത്താണ് ഇപ്പോൾ വി ഡി സതീശനും ഇറങ്ങിയിരിക്കുന്നത്. സതീശൻ മലയാളക്കരയെ നയിക്കട്ടെയെന്നാണ് പോസ്റ്ററിൽ ഉള്ളത്.
ഇന്നലെ എറണാകുളത്ത് രമേശ് ചെന്നത്തലയ്ക്ക് അനുകൂലമായ പോസ്റ്ററുകൾ വന്നിരുന്നു. ഇതിൽ വിഡി സതീശനെതിരെയായിരുന്നു പരാമർശങ്ങൾ. ഇതിന് മറുപടി കൂടിയാണ് ഇപ്പോൾ കോഴിക്കോട് ഫ്ലക്സ് വന്നിരിക്കുന്നത്.
പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നതിനെതിരെ കോൺഗ്രസ് പാർട്ടിയിൽ തന്നെ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം കെ മുരളീധരൻ ഉൾപ്പെടെ ഇതിനെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു.
