കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധേയയായ പെൺകുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ വിഎച്ച്പി നേതാവ് അനൽ വിളയിലടക്കമുള്ളവർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ‘മണിപ്പൂർ ഡയറി’യുടെ സംവിധായകൻ സനോജ് മിശ്ര മോശമായി പെരുമാറിയെന്ന പരാതിയിൽ അദ്ദേഹത്തിനെതിരെയും പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകൾ തുടർനടപടികൾക്കായി മധ്യപ്രദേശ് പൊലീസിന് കൈമാറുമെന്ന് സെൻട്രൽ പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ മധ്യപ്രദേശ് പൊലീസിനോട് തിരുവനന്തപുരം അതിവേഗ പോക്സോ കോടതി റിപ്പോർട്ട് തേടി. മെയ് 20-നകം മഹേശ്വർ സ്റ്റേഷൻ എസ്എച്ച്ഒ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എംപി എന്നിവരടക്കം ആറുപേർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ പി നാഗരാജ് നൽകിയ ഹർജിയിലാണ് ഈ നടപടി.

പെൺകുട്ടിയും മുഹമ്മദ് ഫർമാൻ ഖാനും മാർച്ച് 11-ന് കേരളത്തിൽ വെച്ചാണ് വിവാഹിതരായത്. വിവാഹത്തിൽ പ്രമുഖ സിപിഐഎം നേതാക്കൾ പങ്കെടുത്തിരുന്നു. എന്നാൽ, പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ആരോപിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ പിന്നീട് ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിക്ക് 18 വയസ് തികഞ്ഞുവെന്ന രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് ഫർമാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *