കൊല്ലം ശൂരനാട് സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ അവിനാഷ് സുരേന്ദ്രൻ, അയൽവാസിയായ പെൺകുട്ടിയുടെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായി. കെ.എ.പി അടൂർ ബറ്റാലിയനിലെ ഉദ്യോഗസ്ഥനായ ഇയാൾ, കുടുംബവുമായുള്ള മുൻപരിചയം മുതലെടുത്ത് പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് പഴയ ചിത്രങ്ങൾ തന്ത്രപൂർവം കൈക്കലാക്കുകയായിരുന്നു. തുടർന്ന് ഈ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയും വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
മറ്റാരോ ആണ് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് വരുത്തിത്തീർത്ത് കുടുംബത്തെ സഹായിക്കാനെന്ന വ്യാജേനയാണ് അവിനാഷ് ഇടപെട്ടത്. സൈബർ കുറ്റവാളിയെ താൻ കണ്ടെത്തിയെന്നും 15 പവൻ സ്വർണം നൽകിയാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാമെന്നും ഇയാൾ കുടുംബത്തെ വിശ്വസിപ്പിച്ചു. എന്നാൽ അവിനാഷിന്റെ അമിത താൽപ്പര്യത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ പെൺകുട്ടിയുടെ കുടുംബം ശൂരനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
റൂറൽ എസ് പിയുടെ നിർദ്ദേശപ്രകാരം നടത്തിയ പഴുതടച്ച അന്വേഷണത്തിൽ സൈബർ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. നിലവിൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന അവിനാഷിനെ പൊലീസ് സേനയിൽ നിന്ന് പുറത്താക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു. സ്വന്തം അയൽവാസികളായ കുടുംബത്തോട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ഇത്തരമൊരു ചതി ചെയ്തത് നാട്ടുകാരെയും സഹപ്രവർത്തകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്.
