കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ മദ്യനിരോധനവും (ഡ്രൈ ഡേ) നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങാണ് ഉത്തരവിറക്കിയത്. മെയ് മൂന്നിന് വൈകീട്ട് ആറ് മണി മുതൽ മെയ് അഞ്ചിന് രാവിലെ ഒമ്പത് മണി വരെ തുടർച്ചയായ 39 മണിക്കൂർ നേരത്തേക്കാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ ബിവറേജസ് ഔട്ട്‌ലറ്റുകൾ, ബാറുകൾ, കള്ളുഷാപ്പുകൾ, ബിയർ-വൈൻ പാർലറുകൾ എന്നിവയുൾപ്പെടെ മദ്യം വിളമ്പുന്ന എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങളും ഈ സമയയളവിൽ അടച്ചിടണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനും എക്സൈസിനും കളക്ടർ നിർദ്ദേശം നൽകി.
വോട്ടെണ്ണൽ ദിനത്തിൽ സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിനായി ജില്ലയിൽ നിരോധനാജ്ഞയും നിലവിലുണ്ടാകും. ആഹ്ലാദ പ്രകടനങ്ങൾക്ക് പൊലീസിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. രാത്രി ഏഴ് മണിക്ക് മുമ്പായി ആഘോഷങ്ങൾ അവസാനിപ്പിക്കണം. ആഹ്ലാദ പ്രകടനങ്ങളിൽ ഡിജെ, സ്ഫോടക വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
