ബേപ്പൂർ മണ്ഡലത്തിൽ തനിക്ക് വിജയം ഉറപ്പാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിലുണ്ടെന്നും എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ വോട്ടർമാരുടെ വലിയ പിന്തുണ ഇത്തവണ എൽഡിഎഫിന് ലഭിച്ചിട്ടുണ്ടെന്ന് റിയാസ് ചൂണ്ടിക്കാട്ടി.
53 ശതമാനത്തോളം സ്ത്രീകളാണ് വോട്ട് രേഖപ്പെടുത്തിയത്. സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ, സ്കൂളുകളുടെ നവീകരണം, മുടങ്ങാതെ നൽകുന്ന പെൻഷൻ എന്നിവയെല്ലാം സ്ത്രീകൾക്കിടയിൽ അനുകൂല തരംഗമുണ്ടാക്കി. എൽഡിഎഫ് ഭരണം മാറിയാൽ ഈ വികസനങ്ങളെല്ലാം യുഡിഎഫ് കുളമാക്കുമെന്ന ഭയം ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാർ അവരുടെ മണ്ഡലങ്ങളിൽ നേടിയ അംഗീകാരം തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. സ്ഥാനാർത്ഥികളുടെ പ്രവർത്തന മികവ് കുറഞ്ഞത് 5 ശതമാനമെങ്കിലും വോട്ടായി മാറാറുണ്ട്. അത്തരത്തിൽ മികച്ച ട്രാക്ക് റെക്കോർഡുള്ളവരെയാണ് എൽഡിഎഫ് അണിനിരത്തിയത്. ഫ്‌ളോട്ടിങ് വോട്ടുകൾ ഇത്തവണ എൽഡിഎഫിന് അനുകൂലമാകുമെന്നും മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
