അരൂർ: ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്തി അരൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ. സിറ്റിംഗ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ദലീമ ജോജോയെ 9,324 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഷാനിമോൾ ഉസ്മാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഷാനിമോൾ 74,469 വോട്ടുകൾ നേടിയപ്പോൾ ദലീമയ്ക്ക് 65,145 വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ബിഡിജെഎസിന്റെ പി.എസ്. ജ്യോതിസ് 20,334 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.
കെ.ആർ. ഗൗരിയമ്മയുടെ കരുത്തിൽ ഇടതുപക്ഷം ദീർഘകാലം അടക്കിവാണിരുന്ന മണ്ഡലമാണ് അരൂർ. 2019-ലെ ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനിലൂടെ യുഡിഎഫ് മണ്ഡലം പിടിച്ചെടുത്തെങ്കിലും 2021-ൽ ദലീമയിലൂടെ ഇടതുപക്ഷം അത് തിരിച്ചുപിടിച്ചിരുന്നു. എന്നാൽ ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഷാനിമോൾ മണ്ഡലം വീണ്ടും യുഡിഎഫ് പാളയത്തിലെത്തിച്ചു. ഭൂരിഭാഗം പഞ്ചായത്തുകളും എൽഡിഎഫ് ഭരണത്തിന് കീഴിലായിരുന്നിട്ടും, രാഷ്ട്രീയ അടിയൊഴുക്കുകൾ ഷാനിമോൾക്ക് അനുകൂലമാവുകയായിരുന്നു.
ദീർഘകാലത്തിന് ശേഷം അരൂർ വീണ്ടും കൈപ്പത്തി ചിഹ്നത്തിനൊപ്പം നിന്നത് യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശമാണ് പടർത്തിയിരിക്കുന്നത്.
