തിരുവനന്തപുരം: കേരളത്തിൽ ഇത്ര വലിയ പരാജയം എൽഡിഎഫിന് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആൻ്റണി. ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണം. തോൽവി സംഭവിച്ചു ഇനി കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. ഇടതുപക്ഷം കേരളത്തിൽ തകർന്നടിയണം എന്ന് ആഗ്രഹിക്കുന്നില്ലെന്നും മതേതര കേരളത്തിന് അത് നല്ലതല്ലെന്നും എ കെ ആന്റണി പറഞ്ഞു.

കേരളത്തിൽ യുഡിഎഫ് സുനാമി ആഞ്ഞടിച്ചു. ചരിത്ര വിജയമാണ് മുന്നണി നേടിയത്. മാർക്സിസ്റ്റുകാരുടെ പാഠത്തിൽ നിന്ന് യുഡിഎഫുകാരും കോൺഗ്രസുകാരും പഠിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. സിപിഐഎമ്മിന് എന്തുപ്പറ്റിയെന്നത് അവർ കണ്ടെത്തണം. തെറ്റ് തിരുത്തി മര്യാദക്കാരാവണം. ജനങ്ങളെ മറന്നു പ്രവർത്തിക്കരുതെന്നും എ.കെ. ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

പത്ത് വർഷം പീഡിപ്പിച്ചതിന് ജനങ്ങൾ പലിശ സഹിതം നൽകിയതാണെന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ വിമർശനം. യുഡിഎഫിന്റെ വിജയം ടീം വർക്കിന്റെ വിജയമാണെന്നും അദ്ദേഹം പറ‍ഞ്ഞു. ഉപമുഖ്യമന്ത്രി എന്ന ആവശ്യം ലീഗ് ഒരു ഘട്ടത്തിലും ഉന്നയിച്ചിട്ടില്ല. ലീഗിന് അർഹമായത് എക്കാലവും യുഡിഎഫിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ലീഗിന് അർഹമായ പ്രാതിനിധ്യത്തോടെ മന്ത്രി സഭയുണ്ടാകും. മുഖ്യമന്ത്രി തീരുമാനത്തിനുശേഷം മാത്രമേ ഉഭയകക്ഷി ചർച്ചയും മന്ത്രിമാർ ആരെന്ന ചർയ്യും ആരംഭിക്കുകയുള്ളൂ. മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാൻഡ് ലീഗിനോട് അഭിപ്രായം ചോദിക്കാറുണ്ടെന്നും അപ്പോൾ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *