കായംകുളത്തെ പരാജയത്തിൽ അതൃപ്തി പരസ്യമാക്കി എല്‍ഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ. വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ സജീവമായി പ്രവർത്തിച്ചുവെന്നും ഇത് വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാക്കിയെന്നും പ്രതിഭ ആരോപിച്ചു. യഥാർത്ഥ ശ്രീനാരായണീയയായ തനിക്കെതിരെ വെള്ളാപ്പള്ളി നടേശൻ കരുനീക്കം നടത്തി. സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള വിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായും പ്രതിഭ കുറ്റപ്പെടുത്തി. ഇടത് പക്ഷത്തിന് കൃത്യമായ മേൽക്കൈ ഉണ്ടായിരുന്ന പത്തിയൂർ, ചെട്ടികുളങ്ങര തുടങ്ങിയ മേഖലകളിൽ ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പിക്കുന്നതാണ്.
സ്ഥിരമായി ഒന്നാമതെത്താറുള്ള ബൂത്തുകളിൽ പോലും ഇത്തവണ മുന്നേറാനായില്ല. 2021-ലെ തിരഞ്ഞെടുപ്പിലുണ്ടായിരുന്ന ആവേശം ഇത്തവണ പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നില്ല. പാർട്ടിക്കുള്ളിലെ വീഴ്ചകളെക്കുറിച്ച് നേതൃത്വം മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ കടുത്ത പോരാട്ടത്തിനൊടുവിൽ അരിത ബാബുവിനെ പരാജയപ്പെടുത്തിയ പ്രതിഭയ്ക്ക്, ഇത്തവണ യു.ഡി.എഫിന്റെ എം. ലിജുവിന് മുന്നിൽ അടിപതറുകയായിരുന്നു. യു.ഡി.എഫ് 76,651 വോട്ടുകൾ നേടിയപ്പോൾ പ്രതിഭയ്ക്ക് 61,079 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തമ്പി മേട്ടുതറ 16,973 വോട്ടുകളും നേടി.
