പുതിയ യുഡിഎഫ് സർക്കാരിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്നും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷാനിമോൾ ഉസ്മാൻ. കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങളിൽ നിന്ന് പോലും കരുത്തരായ വനിതകൾ ജയിച്ചുവന്ന സാഹചര്യത്തിൽ, മന്ത്രിസഭയിലും ആ കരുത്ത് പ്രതിഫലിക്കണമെന്ന് അവർ ഓർമ്മിപ്പിച്ചു.

പേരിനായി ഒന്നോ രണ്ടോ പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന രീതി മാറണം. മികച്ച രീതിയിൽ സംഘടനാ പ്രവർത്തനം നടത്തി പരിചയമുള്ള വനിതകൾ ഇത്തവണ വിജയിച്ചിട്ടുണ്ട്. അവർക്ക് അർഹമായ വകുപ്പുകൾ നൽകി യു.ഡി.എഫ് വ്യത്യസ്തമാകണം.മന്ത്രിസ്ഥാനത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. എങ്കിലും സജീവ പരിഗണനയിൽ താൻ ഉണ്ടാകുമെന്നാണ് കരുതുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പാർട്ടിയിൽ വലിയ തർക്കങ്ങളില്ല. ജനാധിപത്യപരമായ ചർച്ചകൾ കോൺഗ്രസിന്റെ പാരമ്പര്യമാണ്. ഉചിതമായ തീരുമാനത്തിലൂടെ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കും. ജയസാധ്യതയുള്ള സീറ്റുകൾ പോലും വനിതകൾക്ക് നൽകാതിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇത്തവണ മാറ്റമുണ്ടായെന്നും അത് മന്ത്രിസഭാ രൂപീകരണത്തിലും തുടരണമെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *