തിരഞ്ഞെടുപ്പിലെ പരാജയം അതിസൂക്ഷ്മമായി വിശകലനം ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ജനങ്ങളുടെ വിശ്വാസത്തിനും അഭിപ്രായത്തിനും അനുസരിച്ചു എൽഡിഎഫ് തിരുത്തും. ഭരണ വിരുദ്ധ വികാരം ഉണ്ടായെന്നു തോന്നുന്നില്ല. ജൂൺ 15 ശേഷം വിശദമായ എൽഡിഎഫ് യോഗം ചേർന്നു. തുടർ തീരുമാനങ്ങൾ എടുക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഒരു തിരിച്ചടി ഉണ്ടായതിനെ തുടർന്ന് ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുന്ന നിലപാട് ഇടതു മുന്നണിക്കില്ല. ജനക്ഷേമ കാഴ്ചപ്പാട് ഇടതു മുന്നണി തുടരും. പ്രതികൂല സാഹചര്യത്തിലും ഇടതു മുന്നണിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. 100 ലധികം സീറ്റ് കിട്ടുമെന്ന വി ഡി സതീശൻ പ്രവചനം ശരി ആയിരുന്നിരിക്കാം. പക്ഷെ ഞങ്ങൾ അത് കരുതിയില്ല. ഞങ്ങളുടെ നിലപാടിൽ മാറ്റം വരുത്തും. ഞങ്ങൾ പി ആർ ഏജൻസിയുടെ അടുത്തേക്കല്ല പോകുന്നത്. ജനങ്ങളിലേക്ക് ഇറങ്ങും, അവർ പറയുന്നത് കേട്ടെ ഞങ്ങൾക്ക് തിരുത്താൻ കഴിയൂവെന്ന് അദേഹം പറഞ്ഞു.

Read Also: ‘തിരഞ്ഞെടുപ്പിലുണ്ടായത് അപത്രീക്ഷിത തോൽവി: ജനവിധിയെ അംഗീകരിക്കുന്നു, ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി LDF പ്രവർത്തിക്കും’; പിണറായി വിജയൻ

വിമർശനവും സ്വയം വിമർശനവും ഇല്ലേൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. സിപിഐഎമ്മിലെ പോസ്റ്റർ വിവാദത്തിലും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. പോസ്റ്ററിൽ സിപിഐഎമ്മിനോ, എൽഡിഎഫിനോ പങ്കില്ല. നേതൃമാറ്റം വരുത്തണമെന്ന ആലോചന പാർട്ടിയിൽ ഇല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. നിർഭയം അഭിപ്രായം പറയാമെന്ന എം വി ഗോവിന്ദന്റെ പ്രതികരണത്തിലും ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. പാർട്ടിയിൽ ഏകാധിപത്യം ഉണ്ടെന്നല്ലേ ആരോപണങ്ങൾ ഉയരുന്നത്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ‘നിർഭയമായി അഭിപ്രായം പറയാം’ എന്ന് പറയുന്നതിൽ എന്താണ് തെറ്റ്. അതൊരു പ്രയോഗമല്ലേയെന്നും തെറ്റായി വ്യാഖ്യാനിക്കേണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *