കോഴിക്കോട്: ദേശീയപാത 66ൽ രാമനാട്ടുകര വെങ്ങളം റീച്ചിലെ ഒളവണ്ണ ടോൾ പ്ലാസയിലെ യാത്രാനിരക്കുകളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ അറിയിപ്പ് പുറത്തിറങ്ങി. ടോൾ പ്ലാസയുടെ നിശ്ചിത പരിധിക്കുള്ളിൽ താമസിക്കുന്നവർക്കും ജില്ലയിലെ ചരക്ക് വാഹനങ്ങൾക്കും ബാധകമായ രീതിയിലാണ് പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ള മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ വാഹനങ്ങൾക്കുള്ള പ്രതിമാസ നിരക്ക് 350 രൂപയായി പുതുക്കി നിശ്ചയിച്ചു. കഴിഞ്ഞ ജനുവരിയിൽ ടോൾ പ്ലാസയുടെ പ്രവർത്തനം തുടങ്ങിയ സമയത്ത് ഇത് 340 രൂപയായിരുന്നു. പ്രാദേശിക യാത്രക്കാർക്ക് നൽകി വരുന്ന ഈ പാസ് നിരക്കിൽ 10 രൂപയുടെ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
അതേസമയം, ജില്ലയിലെ വ്യാവസായിക മേഖലയ്ക്ക് ആശ്വാസമാകുന്ന ഒരു സുപ്രധാന തീരുമാനവും പുതിയ നിരക്ക് പരിഷ്കരണത്തിലുണ്ട്. കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും നാഷണൽ പെർമിറ്റ് ഇല്ലാത്തതുമായ വ്യാവസായിക വാഹനങ്ങൾക്ക് ടോൾ നിരക്കിൽ 50 ശതമാനം ഇളവ് പുതുതായി അനുവദിച്ചു.
