പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം ക്ലാസെങ്കിലും ജയിച്ചവര്‍ക്കും എട്ടിനും പത്തിനും ഇടയില്‍ പഠനം നിര്‍ത്തിയവര്‍ക്കും പത്താംതരം തുല്യതാ കോഴ്സില്‍ ചേരാം. 1,950 രൂപയാണ് ഫീസ്.
ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗത്തിലാണ് ഹയര്‍സെക്കന്‍ഡറി കോഴ്സുകള്‍ നടത്തുന്നത്. 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 2,600 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് ഫീസിളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും സൗജന്യമായി കോഴ്സില്‍ ചേര്‍ന്ന് പഠിക്കാം.
ഫീസുകള്‍ സാക്ഷരതാ മിഷന്റെ ചലാന്‍ വഴി ബാങ്കിലാണ് അടക്കേണ്ടത്. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. എല്ലാ ഞായറാഴ്ചയും ജില്ലയിലെ 10 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലായാണ് ക്ലാസ് നടത്തുക. ജോലിയുള്ളവര്‍ക്കും ചേരാം. literacymission.kerala.org എന്ന ലിങ്ക് വഴി മെയ് 25 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ കോര്‍പ്പറേഷന്‍/നഗരസഭ/ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാരില്‍നിന്നും കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0495 2370053, 8281175355.

ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം

കോഴിക്കോട് ആര്‍.ഡി.ഒ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ ഒരു വര്‍ഷത്തേക്ക് ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 12ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹികനീതി ഓഫീസില്‍ നടക്കും. യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യൂ), വേര്‍ഡ് പ്രോസസിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്, മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 18-40. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ഓരോ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0471 2306040.

വെറ്ററിനറി സര്‍ജന്‍ നിയമനം

ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ പി.ജി വെറ്റ് തസ്തികയില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 89 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെയോ ആണ് നിയമനം. അപേക്ഷകര്‍ക്ക് എം.വി.എസ്.സി സര്‍ജറി, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി.വി.എസ്.സി (ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് ഫോര്‍ സര്‍ജറി ഫ്രം വേള്‍ഡ് വെറ്ററിനറി സര്‍വീസസ്/തത്തുല്യ സര്‍ജറി പരിശീലനം), വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മെയ് 11ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നടപ്പാക്കിവരുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ ഒഴിവുള്ളതും ഉടന്‍ ഒഴിവ് വരാന്‍ സാധ്യതയുള്ളതുമായ വെറ്ററിനറി സര്‍ജന്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 88 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെയോ ആണ് നിയമനം. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (എസ്.എസ്.എല്‍.സി, ആധാര്‍ എന്നിവയുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ) സഹിതം മെയ് 11ന് ഉച്ചക്ക് ഒരു മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) ഐ.എ.എസ് അക്കാദമിയുടെ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം ജൂണ്‍ ആദ്യവാരം ആരംഭിക്കും. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി, കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ആശ്രിതര്‍ക്ക് പകുതി ഫീസ് അടച്ചാല്‍ മതി. രജിസ്ട്രേഷന്‍ ലിങ്കും വിശദാംശങ്ങളും www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇ-മെയില്‍: kileiasacademy@gmail.com. രജിസ്ട്രേഷന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2479966, 8075768537. ഫോണ്‍: 0495 2767213 (കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്), 0483 2760204 (കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്).

അധ്യാപക നിയമനം

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ ഗെസ്റ്റ് അധ്യാപക നിയമനത്തിന് മെയ് 11ന് രാവിലെ 10.30ന് അഭിമുഖം നടത്തും. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ അതിഥി അധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2320694.

കോടഞ്ചേരി ഗവ. കോളേജില്‍ ജന്തുശാസ്ത്ര വിഭാഗത്തില്‍ അസി. പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖം മെയ് 13ന് രാവിലെ 10.30ന് നടക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും പൂരിപ്പിച്ച ബയോഡേറ്റയും (ബയോഡേറ്റ മാതൃക www.kodencherycollege.ac.in/downloads ല്‍ ലഭ്യമാണ്) രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 9188900234.

മാനന്തവാടി ഗവ. മോഡല്‍ ഡിഗ്രി കോളേജില്‍ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം മെയ് 22 (മലയാളം), 25 (ഇംഗ്ലീഷ്, ഹിന്ദി), 26 (കോമേഴ്സ്) 28 (സൈക്കോളജി, ജ്യോഗ്രഫി) തീയതികളില്‍ രാവിലെ 10ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം അതത് ദിവസങ്ങളില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 9496704769.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ -ഹിന്ദി (കാറ്റഗറി നമ്പര്‍: 333/2021) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി അവസാനിച്ചതിനാല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *