കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് റഥിന്റെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഉത്തർപ്രദേശിൽ നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സിഐഡി, എസ്ടിഎഫ് സംയുക്ത സംഘമാണ് പ്രതികളെ പിടികൂടിയത്. ബിഹാറിലെ ബക്സർ സ്വദേശിയായ വിശാൽ ശ്രീവാസ്തവയും രണ്ട് ഉത്തർപ്രദേശ് സ്വദേശികളുമാണ് പിടിയിലായത്.

മെയ് ആറിന് മധ്യംഗ്രാമിൽ വെച്ചാണ് ചന്ദ്രനാഥ് റഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ബല്ലിയിലെ ടോൾ പ്ലാസയിൽ നടത്തിയ യുപിഐ ഇടപാടാണ്. കൊലപാതകത്തിന് മുൻപും ശേഷവും പ്രതികൾ ഈ ടോൾ പ്ലാസ വഴി കടന്നുപോയിരുന്നു. ഇവിടെ നടത്തിയ ഡിജിറ്റൽ ഇടപാടുകൾ പിന്തുടർന്നാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്.

കൊലപാതകം നടത്തുന്നതിന് അക്രമി സംഘത്തിന് കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഓസ്ട്രിയൻ നിർമ്മിതമായ ‘ഗ്ലോക്ക് 47 എക്സ്’ പിസ്റ്റൾ ഉപയോഗിച്ചാണ് ചന്ദ്രനാഥിന് നേരെ വെടിയുതിർത്തത്. വീടിന് 200 മീറ്റർ അകലെ വെച്ച് കാർ തടഞ്ഞ അക്രമികൾ പോയിന്റ് ബ്ലാങ്കിൽ വെടിവയ്ക്കുകയായിരുന്നു. ചന്ദ്രനാഥ് കാറിന്റെ മുൻ സീറ്റിലായിരുന്നു ഉണ്ടായിരുന്നതെന്ന കാര്യം അക്രമികൾക്ക് നേരത്തെ അറിയാമായിരുന്നു എന്നത് ആസൂത്രണത്തിന്റെ ആഴം വ്യക്തമാക്കുന്നു.

സുവേന്ദു അധികാരിയുമായി ബന്ധപ്പെട്ട സഹായികൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്യുന്ന നാലാമത്തെ സംഭവമാണിത്. 2013-ൽ പ്രദീപ് ത്സാ, 2018-ൽ സുരക്ഷാ ഉദ്യോഗസ്ഥനായ ശുഭബ്രാത ചക്രബോർത്തി, 2021-ൽ പുലക് ലാഹിരി എന്നിവരാണ് ഇതിന് മുൻപ് മരിച്ചത്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് പുതിയ കൊലപാതകം നടന്നിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച വാഹനങ്ങൾ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *