നീറ്റ്-യുജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പരീക്ഷയുടെ ചുമതലയുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയിലേക്കും സിബിഐ അന്വേഷണം നീളുന്നു. കേസില്‍ അറസ്റ്റിലായ മുഖ്യ ആസൂത്രകര്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുമായി നേരിട്ട് ബന്ധമുള്ളതിനെത്തുടര്‍ന്നാണ് അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലേക്കും നീളുന്നത്. കേന്ദ്ര സ്ഥാപനത്തിലെ കൂടുതല്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്‌തേക്കും.
നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചര്‍ച്ചയില്‍ പിടിയിലായ പി.വി. കുല്‍ക്കര്‍ണി, മനീഷ മന്ദാരെ, മനീഷ വാഗ്മറെ, ധനഞ്ജയ് ലോഖണ്ഡെ എന്നിവര്‍ ഒരു മാഫിയയുടെ ഭാഗമാണെന്നാണ് സിബിഐയുടെ സംശയം. കസ്റ്റഡിയിലുള്ള പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് സിബിഐ ഒരുങ്ങുന്നത്. പണമിടപാട് പരിശോധിച്ച് കൂടുതല്‍ പ്രതികളുടെ പങ്കും സിബിഐ തേടുന്നുണ്ട്.
പേപ്പര്‍ മാഫിയ പോലുള്ള ചോദ്യപേപ്പര്‍ ചോര്‍ത്തി വില്‍ക്കുന്ന സമൂഹ മാധ്യമ ഗ്രൂപ്പുകളിലേക്കും സൈബര്‍ പോലീസിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേ സമയം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പിരിച്ചുവിടണമെന്നും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി തുടരുകയാണ്.
