കേരളത്തിൽ പുതിയ വി.ഡി. സതീശൻ മന്ത്രിസഭയിൽ വകുപ്പുകൾക്ക് പുറമെ ഔദ്യോഗിക വസതികൾക്കായും വാഹന നമ്പറുകൾക്കായും മന്ത്രിമാർക്കിടയിൽ തർക്കം മുറുകുന്നു. ഒരേ മന്ത്രിമന്ദിരത്തിനായി മൂന്ന് മന്ത്രിമാർ വരെ അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. ഔദ്യോഗിക വസതികളായ നിള, സാനഡു, ഗ്രേസ് എന്നിവയ്ക്കാണ് മന്ത്രിമാർക്കിടയിൽ ആവശ്യക്കാരേറെയുള്ളത്. അതേസമയം, കഴിഞ്ഞ സർക്കാരിൽ മന്ത്രി മുഹമ്മദ് റിയാസ് താമസിച്ചിരുന്നതും ക്ലിഫ് ഹൗസിന് സമീപമുള്ളതുമായ ‘പമ്പ’ എന്ന മന്ദിരം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വസതിക്കായി മറ്റാരും രംഗത്തില്ലാത്തതിനാൽ ഇത് ചെന്നിത്തലയ്ക്ക് തന്നെ ലഭിച്ചേക്കും. മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസാകും അന്തിമ തീരുമാനമെടുക്കുക.
മന്ത്രിമാർക്ക് അനുവദിച്ച ഔദ്യോഗിക വാഹനങ്ങളുടെ നമ്പറുകളെച്ചൊല്ലിയും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. തനിക്ക് 51-ാം നമ്പർ വാഹനം വേണമെന്ന് ഷിബു ബേബി ജോണും, 11-ാം നമ്പറിനായി കെ. മുരളീധരനും, 9-ാം നമ്പറിനായി രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ താൽക്കാലിക നമ്പറുകളാണ് മന്ത്രിമാർക്ക് നൽകിയിട്ടുള്ളത്. അതേസമയം പതിവുപോലെ ജ്യോതിഷപരമായ കാരണങ്ങളാൽ ’13’-ാം നമ്പർ കാർ ഏറ്റെടുക്കാൻ ഒരു മന്ത്രിയും തയ്യാറായിട്ടില്ല. ആരും ആവശ്യപ്പെടാത്തതിനെ തുടർന്ന് ടൂറിസം വകുപ്പ് ഇന്നലെ 13-ാം നമ്പർ കാർ നിരത്തിലിറക്കിയില്ല എന്ന ഔദ്യോഗിക വിശദീകരണവുമുണ്ട്.
