കൊച്ചി: മോഡലിങ് രംഗത്തെ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിന് ഇരയാക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ ബിലാലിനെ പൊലീസ് വലയിലാക്കി. തിരുവനന്തപുരം ചാരുമൂട് സ്വദേശിയായ ഇയാൾ ബിലാൽ, ശ്രീകുമാർ തുടങ്ങി നിരവധി വ്യാജപ്പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഒടുവിൽ മാവേലിക്കരയിൽ നിന്നാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും നിരവധി യുവതികളുടെ ചിത്രങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ ചിത്രങ്ങൾ കൈമാറുന്നതിനായി ഇവർ പ്രത്യേകം ടെലഗ്രാം ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നതായും, ദുബായിൽ വെച്ചാണ് കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ ബിലാൽ പരിചയപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കുന്നു.
ദുബായിൽ ഫാഷൻ ഷോകളിൽ പങ്കെടുപ്പിക്കാമെന്ന വ്യാജവാഗ്ദാനം നൽകിയാണ് മലയാളി യുവതികളെ ഇവർ വിദേശത്തേക്ക് ആകർഷിച്ചത്. തുടർന്ന് അവിടെയെത്തിക്കുന്ന പെൺകുട്ടികളെ മാസങ്ങളോളം മാരക ലഹരിമരുന്നുകൾ കുത്തിവെച്ച് ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയായിരുന്നു പതിവ്. ബിലാലിന്റെ നിർദ്ദേശപ്രകാരമാണ് സിന്ധു യുവതികൾക്കായി വിസ ശരിയാക്കി നൽകിയിരുന്നത്. പെൺകുട്ടികളെ വലയിലാക്കാൻ അന്താരാഷ്ട്ര തലത്തിൽ വലിയൊരു ശൃംഖല തന്നെ ഈ സംഘം പ്രവർത്തിപ്പിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
കേസിലെ ഒന്നാം പ്രതിയായ സിന്ധുവിന് വൻ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ നടത്തിയിരുന്നതും സിന്ധുവായിരുന്നു. ഇതിന്റെ ചാറ്റ് സ്ക്രീൻഷോട്ടുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതികൾ കൂട്ടബലാത്സംഗത്തിന് ഇരയായ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതും സിന്ധുവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദുബായിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തിയിരുന്ന സിന്ധുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പിടിക്കപ്പെട്ട ബിലാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
