ന്യൂഡല്‍ഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്നാണ് ആക്ഷേപഹാസ്യ പാര്‍ട്ടിയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സിജെപി)യുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചതെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ബ്യൂറോയുടെ അഭിപ്രായത്തില്‍ കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് എക്‌സ് അക്കൗണ്ട് നിരോധിച്ചതെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐടി ആക്ടിലെ വകുപ്പ് 69 (A) പ്രകാരം ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് എക്‌സിന് നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

‘ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുമെന്ന കാര്യം ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് നിരോധിക്കാന്‍ ഐബി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഈ അക്കൗണ്ട് വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് ഐബി പറയുന്നു. അക്കൗണ്ടിലെ ഉള്ളടക്കങ്ങള്‍ യുവ ജനതയെ സ്വാധീനിക്കുന്നു എന്നതും ആശങ്കയ്ക്കിടയാക്കി’, അദ്ദേഹം പറഞ്ഞു.

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിരോധിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക പേജുകള്‍ക്ക് പുറമേ നിരവധി മറ്റ് പേജുകളും നിര്‍മ്മിക്കപ്പെടുന്നുണ്ട്. ഇതിലെല്ലാം തന്നെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും പാട്ടുകളും മറ്റുമാണ് പുറത്തിറക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ വിലക്കിയത്. 165K ഫോളോവേഴ്‌സുള്ള പേജായിരുന്നു വിലക്കിയത്. പിന്നാലെ കോക്രോച്ച് ഈസ് ബാക്ക് എന്ന പേരില്‍ പുതിയ എക്‌സ് അക്കൗണ്ടും തുടങ്ങിയിരുന്നു. നിലവില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റാഗ്രാം പേജ് 18.9 മില്യണ്‍ ഫോളോവേഴ്‌സ് കടന്നു. 

Leave a Reply

Your email address will not be published. Required fields are marked *