ഗുവാഹത്തി: ഉത്തരാഖണ്ഡിനും ഗുജറാത്തിനും പിന്നാലെ അസമിലും ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നു. നിയമം സംബന്ധിച്ച കരട് ബില്‍ തിങ്കളാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. നേരത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അധികാരമേറ്റ ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിയമനിര്‍മാണത്തിന് അംഗീകാരം നല്‍കിയിരുന്നു.
ബഹുഭാര്യത്വം പൂര്‍ണമായും നിരോധിക്കുകയും ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ലിവ് ഇന്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങള്‍ ജാതി, മത ഭേദമന്യേ സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും ഒരേ രീതിയിലാക്കാന്‍ ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എല്ലാ മതക്കാരുടെയും വിവാഹപ്രായം ഏകീകരിക്കാനും ബില്‍ ലക്ഷ്യമിടുന്നുണ്ട്.
