കൊച്ചി: പാരിയത്തുകാവിലെ വിവാദമായ കുടിയൊഴിപ്പിക്കൽ നടപടികളിൽ സർക്കാരിന് മറ്റ് മാർഗങ്ങളില്ലെന്ന് ഹൈക്കോടതി. കോടതി വിധി സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും താമസക്കാർക്ക് ഭൂമിയിൽ നിയമപരമായ അവകാശമില്ലാത്ത പക്ഷം കുടിയൊഴിപ്പിക്കൽ തടയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. എറണാകുളം റൂറൽ എസ്.പിയുടെ ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.

തർക്കഭൂമിയിൽ താമസിക്കുന്നവർക്ക് അതിന്മേൽ അവകാശം സ്ഥാപിച്ചെടുക്കാനുള്ള നിയമപരമായ രേഖകളൊന്നുമില്ല. കുടിയൊഴിപ്പിക്കലിനെതിരെ താമസക്കാർ നിയമവഴി തേടി കോടതിയെ സമീപിച്ചിട്ടില്ലാത്തടത്തോളം കാലം വിധി നടപ്പിലാക്കാതിരിക്കാൻ കഴിയില്ല. വിധി നടപ്പിലാക്കുന്നതിൽ സാങ്കേതികത പറയുകയല്ല, മറിച്ച് അത് അനുസരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

അതേസമയം, ബുദ്ധിമുട്ടില്ലാതെ പ്രശ്നം പരിഹരിക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. മെയ് 20-ന് സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ പാരിയത്തുകാവിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. എട്ട് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം നാട്ടുകാർ തടയുകയും ഇത് പോലീസ് ലാത്തിച്ചാർജിൽ കലാശിക്കുകയും ചെയ്തു. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് തടിയിട്ടപ്പറമ്പ് പോലീസ് അമ്പതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *