ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു. ലോക്ഭവനിലെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു. ശനിയാഴ്ച പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേൽക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ ഇന്ന് രാവിലെ സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ള മന്ത്രിമാരെ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. പ്രഭാത ഭക്ഷണത്തിനിടെ മന്ത്രിമാരെ അഭിസംബോധന ചെയ്തുകൊണ്ട് താൻ രാജിവയ്ക്കുകയാണെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.

പ്രഭാത ഭക്ഷണത്തിനെത്തിയ ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയെ കെട്ടിപ്പിടിക്കുകയും, കാൽ തൊട്ട് വന്ദിക്കുകയും ചെയ്തിരുന്നു. ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടു കൊണ്ടാണ് സിദ്ധരാമയ്യ ഇപ്പോൾ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൂന്ന് വർഷമായി കർണാടക മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. ഈ സ്ഥാനം ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കൈമാറാനാണ് ഹൈക്കമാൻഡ് നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *