കൊല്ലം: വ്യാജ ഓൺലൈൻ ട്രേഡിങ് വഴി വൻലാഭം വാഗ്ദാനം ചെയ്ത് 1.83 കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി പിടിയിൽ. ഹിമാചൽ പ്രദേശിലെ ബാബാനഗർ സ്വദേശിയായ സൂര്യകാന്ത് ആണ് കൊല്ലം റൂറൽ സൈബർ ക്രൈം പോലീസിൻ്റെ പിടിയിലയാത്. കൊല്ലം പുത്തൂർ സ്വദേശിയുടെ പരാതിയെ തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കൊല്ലം റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഹിമാചലിലെ ബാബാനഗറിൽ നേരിട്ടെത്തി പ്രാദേശിക പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തട്ടിപ്പിലൂടെ പരാതിക്കാരന് നഷ്ടപ്പെട്ട തുകയിൽ 15 ലക്ഷത്തോളം രൂപ സൂര്യകാന്തിന്റെ പേരിലുള്ള യൂകോ ബാങ്ക് അക്കൗണ്ടിലേക്കാണ് ആദ്യം എത്തിയത്. തുടർന്ന് ഈ തുക മറ്റ് പല അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പോലീസ് കണ്ടെത്തുകയായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രതിയുടെ ബാങ്ക് അക്കൗണ്ട് വഴി ഒരു കോടി രൂപയോളം രൂപയുടെ ഇടപാടുകൾ നടന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച മറ്റ് കൂട്ടുപ്രതികളെക്കുറിച്ചും കൃത്യമായ സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം, ഡിവൈഎസ്പി പ്രസാദിന്റെ മേൽനോട്ടത്തിലായിരുന്നു ഈ വൻ സുരക്ഷാ ദൗത്യം നടന്നത്. ഇൻസ്പെക്ടർ വിനോദ് കുമാറിനൊപ്പം എസ് ഐ മനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയേഷ് ജയപാൽ, രാജേഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *