ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ഇന്ധന കയറ്റുമതി തീരുവയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ആഗോള വിപണിയിലെ ഇന്ധന വിലയിലുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്താണ് പെട്രോൾ, ഡീസൽ, വിമാന ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതി തീരുവ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. പുതുക്കിയ നിരക്കുകൾ 2026 ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
പുതിയ ഉത്തരവ് പ്രകാരം, പെട്രോളിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 3 രൂപയിൽ നിന്ന് 1.5 രൂപയായും, ഡീസലിന്റേത് 16.5 രൂപയിൽ നിന്ന് 13.5 രൂപയായും കുറച്ചു. വിമാന ഇന്ധനത്തിന് (എടിഎഫ്) 16 രൂപയിൽ നിന്ന് ലിറ്ററിന് 9.5 രൂപയായാണ് കുറവ് വരുത്തിയത്. 2026 മാർച്ച് 27-നാണ് ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി സർക്കാർ ഇത്തരം അധിക തീരുവകൾ ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വിലയും ഇന്ത്യയിലെ നിരക്കും ഏകദേശം തുല്യമായ സാഹചര്യത്തിലാണ് ഇപ്പോൾ ഇളവുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.
കയറ്റുമതി തീരുവയിൽ ഇളവ് വരുത്തിയെങ്കിലും, ഇതിന്റെ ആനുകൂല്യം ആഭ്യന്തര വിപണിയിലെ പെട്രോൾ, ഡീസൽ നിരക്കുകളിൽ പ്രതിഫലിക്കില്ലെന്ന് സർക്കാർ അറിയിച്ചു. ഉപഭോക്താക്കൾ നൽകുന്ന എക്സൈസ് ഡ്യൂട്ടി നിലവിലുള്ള നിരക്കിൽ തന്നെ തുടരും. രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും, അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിച്ച് ആഭ്യന്തര ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
