മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഉറപ്പ് നൽകിയതായി സമരസമിതി

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നും പരാതിയിൽ പേരെടുത്ത് സൂചിപ്പിച്ചിട്ടും നടപടികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതി നേതാക്കൾ മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.
കുന്ദമംഗലം മുൻ എം.എൽ.എ യു.സി. രാമൻ, സമരസമിതി ചെയർമാൻ നൗഷാദ് തെക്കേയിൽ, മുബീന വാവട് എന്നിവരുടെ നേതൃത്വത്തിലാണ് ഉന്നതതല കൂടിക്കാഴ്ച നടന്നത്.
അതിജീവിത നൽകിയ പരാതികളിൽ വ്യക്തമായി പരാമർശിച്ചിട്ടും അന്വേഷണ പരിധിയിൽ നിന്നോ നടപടികളിൽ നിന്നോ ബോധപൂർവം ഒഴിവാക്കപ്പെട്ട മുഴുവൻ ഡോക്ടർമാർക്കും മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥർക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഉറപ്പ് നൽകിയതായി സമരസമിതി നേതാക്കൾ അറിയിച്ചു.
കേസിൽ ഉൾപ്പെട്ട ആരെയും സംരക്ഷിക്കുന്ന സമീപനം അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും വ്യക്തമാക്കിയതായി സമരസമിതി പ്രസ്താവനയിൽ പറഞ്ഞു.
അതിജീവിതയ്ക്ക് നീതി ലഭ്യമാകുന്നതുവരെ നിയമപരവും ജനാധിപത്യപരവുമായ പോരാട്ടം തുടരുമെന്നും അന്വേഷണത്തിൽ വീഴ്ച വരുത്തിയവരെയും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കരുതെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും നിവേദനത്തിൽ ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *