ബംഗളൂരു: കര്‍ണാടകയില്‍ ഡി.കെ.ശിവകുമാര്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി.സത്യപ്രതിജ്ഞക്ക് പിന്നാലെജലസേചന മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു. ബംഗളൂരു ഡെവലപ്‌മെന്റ് വകുപ്പ് കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. എഐസിസി നേതാവ് രാഹുല്‍ ഗാന്ധി ബംഗളൂരുവില്‍ ഉള്ള സമയത്താണ് പാര്‍ട്ടിക്ക് തലവേദനയായി ഈ അപ്രതീക്ഷിത രാജി ഉണ്ടായിരിക്കുന്നത്.

ബംഗളൂരു വികസന വകുപ്പ് തനിക്ക് നല്‍കാമെന്ന് മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അതില്‍ നിന്നും ‘യു-ടേണ്‍’ എടുത്തിരിക്കുകയാണെന്നും രാമലിംഗ റെഡ്ഡി ആരോപിച്ചു.

‘എന്നെ വീണ്ടും വീണ്ടും അപമാനിക്കുകയാണ്, ഇനിയും ഇത് സഹിക്കാന്‍ കഴിയില്ല. എന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയില്ല. ഈ തീരുമാനത്തില്‍ എനിക്ക് ദേഷ്യമില്ല, മറിച്ച് കടുത്ത നിരാശ മാത്രമാണുള്ളതെന്നും’ രാമലിംഗ റെഡ്ഡി വ്യക്തമാക്കി.

താന്‍ മന്ത്രിസ്ഥാനം മാത്രമാണ് രാജിവെക്കുന്നതെന്നും കോണ്‍ഗ്രസ് എംഎല്‍എയായി പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 53 വര്‍ഷമായി താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് രാജി സമര്‍പ്പിക്കാന്‍ തയ്യാറാകാതിരുന്ന റെഡ്ഡി, തന്റെ പേഴ്‌സണല്‍ സെക്രട്ടറി വഴിയാണ് രാജി കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിച്ചത്.

വകുപ്പ് വിഭജനത്തെ ചൊല്ലി കര്‍ണാടക മന്ത്രിസഭയ്ക്കുള്ളില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് രാമലിംഗത്തിന്റെ രാജി.

Leave a Reply

Your email address will not be published. Required fields are marked *