തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കാപ്പ കേസ് പ്രതിയും വാഴോട്ടുകോണം ബി.ജെ.പി കൗൺസിലറുമായ ആർ. സുഗതനെ അർദ്ധരാത്രിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. പോലീസ് തങ്ങളെ ക്രൂരമായി മർദ്ദിച്ചെന്ന സുഗതന്റെയും ഭാര്യ അശ്വതിയുടെയും വാദങ്ങൾ തള്ളുന്നതാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ. സുഗതനെ ജീപ്പിൽ കയറ്റാതിരിക്കാൻ അനുയായികൾ പോലീസിനെ തടയുന്നതും രംഗം വഷളായതോടെ പോലീസ് ആകാശത്തേക്ക് വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴിഞ്ഞ മാസം ക്ഷേത്രോത്സവത്തിനിടെ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ സുഗതൻ വീട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച അർദ്ധരാത്രിയോടെ വട്ടിയൂർക്കാവ് പോലീസ് സ്ഥലത്തെത്തിയത്.
അറസ്റ്റിന് പിന്നാലെ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഗതനും കുടുംബവും രംഗത്തെത്തിയിരുന്നു. വീട്ടിൽ വനിതാ പോലീസ് ഇല്ലാതെയാണ് സംഘം എത്തിയതെന്നും പോലീസുകാർ ഭാര്യയെയും കുഞ്ഞിനെയും തല്ലി തറയിലിട്ട് വലിച്ചിഴച്ചെന്നും സുഗതൻ ആരോപിച്ചു. തനിക്ക് ചിക്കൻപോക്സ് ആയതിനാലാണ് സ്റ്റേഷനിൽ ഹാജരാകാതിരുന്നതെന്നും പോലീസ് വീട്ടിൽ വെടിവെപ്പ് നടത്തിയെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ കോടതി ഉത്തരവ് പ്രകാരമാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് ഉദ്യോഗസ്ഥർ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. സുഗതൻ അറസ്റ്റ് ചെറുക്കാൻ പരമാവധി ശ്രമിക്കുന്നതും ഭാര്യ അശ്വതി പോലീസിന്റെ വഴിമുടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാളെ പുറത്തെത്തിച്ചതോടെ ബി.ജെ.പി പ്രവർത്തകരും നാട്ടുകാരും പോലീസിന് നേരെ ആക്രോശവുമായി രംഗത്തെത്തി. അന്തരീക്ഷം വഷളായതോടെയാണ് സ്വയരക്ഷയ്ക്കായി ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നതെന്ന് പോലീസ് വിശദീകരിച്ചു.
ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പോലീസുകാരെ മർദ്ദിച്ചതിനും സുഗതനും കൂട്ടർക്കുമെതിരെ പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ, എസ്.ഐ എന്നിവരെ സുഗതൻ കഴുത്തിന് പിടിച്ചുതള്ളി. കൂടാതെ സുഗതന്റെ നേതൃത്വത്തിലുള്ള സംഘം എസ്.ഐയെ മതിലിൽ ചേർത്തുനിർത്തി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പ്രതിക്കെതിരെ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് അറിയിച്ചു. ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം സുഗതനെതിരെ സെക്ഷൻ-3 കാപ്പ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് ബോധപൂർവ്വം അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്മീഷണർ വ്യക്തമാക്കി.
