തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി തനിക്കെതിരെ വ്യാപകമായ രീതിയിൽ വ്യാജ പ്രചാരണങ്ങളും സൈബർ ആക്രമണങ്ങളും നടക്കുന്നുവെന്ന് കാണിച്ച് എസ്എഫ്ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ് പരാതി നൽകി. സംസ്ഥാന പോലീസ് മേധാവി, സൈബർ പോലീസ് എന്നിവർക്കാണ് അദ്ദേഹം പരാതി കൈമാറിയത്. തന്റെ പേരും ചിത്രങ്ങളും വീഡിയോകളും മോശമായ രീതിയിൽ ദുരുപയോഗം ചെയ്യുന്നുവെന്നും, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നുവെന്നും ശിവപ്രസാദ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

തന്റെ വ്യക്തിപരമായ സൽപ്പേരിനും സാമൂഹിക പ്രതിച്ഛായയ്ക്കും കടുത്ത ദോഷമുണ്ടാക്കുന്ന രീതിയിലാണ് പ്രചാരണം നടക്കുന്നതെന്ന് ശിവപ്രസാദ് പറയുന്നു. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ വ്യാജ പോസ്റ്ററുകൾ നിർമ്മിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ വഴി വ്യാപകമായി പ്രചരിപ്പിച്ചു. പി.എസ്.സിപരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയാണ് പാസായതെന്ന തരത്തിലുള്ള തികച്ചും വ്യാജമായ വാർത്തകൾ സോഷ്യൽ മീഡിയയിൽ ചിലർ ചമച്ചുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. വ്യാജ പ്രചാരണങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ സഹിതം ആലപ്പുഴ ജില്ലാ സൈബർ ക്രൈം പോലീസിലും ശിവപ്രസാദ് രണ്ട് പരാതികൾ നൽകിയിട്ടുണ്ട്. ഈ പരാതികളിൽ അന്വേഷണം ആരംഭിച്ചെങ്കിലും നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *