തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടൽക്ഷോഭവും കാറ്റും കനക്കാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാനത്താകെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.

ജൂൺ 11-ന് ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ജൂൺ 12-ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 12-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിലും 13-ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 14-ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മലയോര മേഖലകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കുമുള്ള വിനോദയാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.

രാത്രികാല യാത്രകൾ പരമാവധി കുറയ്ക്കുക. നദികളോ തോടുകളോ മുറിച്ചുകടക്കാനോ, കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. പാലങ്ങൾക്ക് മുകളിൽ കയറി സെൽഫിയെടുക്കുന്നതും കാഴ്ച കാണുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. ദുരന്തസാധ്യതാ പ്രദേശങ്ങളിലുള്ളവർ അടിയന്തര ആവശ്യങ്ങൾക്കുള്ള രേഖകളും മരുന്നുകളും അടങ്ങിയ എമർജൻസി കിറ്റുകൾ മുൻകൂട്ടി തയ്യാറാക്കി വെക്കേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാന-ജില്ലാ കൺട്രോൾ റൂമുകളിലേക്ക് 24 മണിക്കൂറും ബന്ധപ്പെടാം. സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മുന്നൊരുക്കങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ ‘ഓറഞ്ച് പുസ്തകം 2025’ ലഭ്യമാണ്. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് അലർട്ടുകളിലും മാറ്റമുണ്ടാകാമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *