കോഴിക്കോട്: നിപ രോഗം സ്ഥിരികരിച്ച ഫറൂഖ് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലെ വെൻ്റിലേറ്ററിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലായിരുന്നു രോഗ ബാധ കണ്ടെത്തിയത്. സ്രവ സാംപിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. യുവാവിൻ്റെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. അടുത്ത് സമ്പർക്കം ഉള്ളവരെ ഇന്നലെ തന്നെ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചിരുന്നു.

മെഡിക്കൽ കോളേജിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ പേ വാർഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗനിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായിട്ടാണ് ക്രമീകരണങ്ങൾ.

തുടർനടപടികൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉന്നതതല യോഗം ചേരും. രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ പറഞ്ഞു.

40 കാരനായ ഫറൂഖ് സ്വദേശിക്കാണ് നിലവിൽ രോഗം ബാധിച്ചത്. രോഗലക്ഷണങ്ങളോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. രോഗലക്ഷണങ്ങളിൽ സംശയം തോന്നിയ ഡോക്ടർമാർ ശ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *