തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. വരാനിരിക്കുന്ന ബജറ്റിൽ തങ്ങൾക്ക് അനുകൂലമായ നടപടികളുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
സ്ത്രീ യാത്രക്കാരെ ആശ്രയിച്ചാണ് നിലവിൽ സ്വകാര്യ ബസുകൾ ഓടുന്നതെന്നും, അവർ കെഎസ്ആർടിസിയിലേക്ക് മാറിയാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാവുമെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഇത് മേഖലയെ തകർക്കുമെന്നും, നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും ഇവർ ഭയപ്പെടുന്നു. 15 വർഷമായി വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിച്ചിട്ടില്ലാത്തതും മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു.
19-ന് ശേഷം സംയുക്ത യോഗം ചേർന്ന് സമരത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. മത്സ്യബന്ധന മേഖലയ്ക്ക് മണ്ണെണ്ണ സബ്സിഡി നൽകുന്നത് പോലെ ഇന്ധനത്തിന് ഇളവ് നൽകുക, ഇൻഷുറൻസ് തുക സർക്കാർ ഏറ്റെടുക്കുക, ബസ് സ്റ്റാൻഡ് ഫീസ് ഒഴിവാക്കുക, വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും യാത്രാ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉടമകൾ ഉന്നയിക്കുന്നു. കെഎസ്ആർടിസിക്ക് നൽകുന്ന അതേ ആനുകൂല്യങ്ങൾ തങ്ങൾക്കും ലഭിക്കണമെന്നാണ് ഇവരുടെ പക്ഷം.
