കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ഇവ ഒരു മാസത്തിനകം ഹാജരാക്കാനാണ് സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയത്. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ ജോബിൻ സെബാസ്റ്റ്യൻ, കൗസർ എടപ്പഗത്ത് എന്നിവർ അധ്യക്ഷന്മാരായ സിംഗിൾ ബഞ്ചുകൾ കേസ് കേൾക്കുന്നതിൽ നിന്നും നേരത്തെ സ്വയം പിന്മാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബഞ്ചിലേക്ക് എത്തിയത്.
കോടതിയുടെ കൈവശമിരിക്കെ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മാറിയതിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണം വേണമെന്നാണ് ഹർജിയിൽ അതിജീവിത ആവശ്യപ്പെടുന്നത്. തൻ്റെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്നും വിഷയത്തിൽ മുൻപ് നടന്ന അന്വേഷണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടുവെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
