ന്യൂഡല്‍ഹി: യുഎസ് നാവികപ്പടയുടെ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭാരതമാതാവിന്റെ മക്കള്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ കഴിയാത്ത മോദി, അധികാരശക്തിയില്ലാത്ത പ്രധാനമന്ത്രിയാണെന്നും ജീവനപഹരിച്ചവരെ നേരിടാന്‍ കോംപ്രമൈസ് പ്രധാനമന്ത്രിക്ക് ശക്തിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

‘യുഎസ് ആക്രമണത്തില്‍ അന്താരാഷ്ട്ര സമുദ്രനിരപ്പില്‍ മൂന്ന് ഇന്ത്യക്കാരാണ് അടുത്ത ദിവസങ്ങളിലായി കൊല്ലപ്പെട്ടത്. എന്നിട്ടും നമ്മുടെ പ്രധാനമന്ത്രിയെന്താണ് പറയുന്നത്? ഒരക്ഷരം ഇതിനെതിരെ അദ്ദേഹം പറഞ്ഞോ? അന്താരാഷ്ട്ര ശക്തികളുടെ ഇടപെടല്‍ മൂലം ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടാല്‍ ഭരണതലപ്പത്തിരിക്കുന്ന പ്രധാനമന്ത്രി അപലപിക്കേണ്ടതില്ലേ. ജനങ്ങളോട് പ്രതിബദ്ധതയുള്ള പ്രധാനമന്ത്രി അങ്ങനെയല്ലേ ചെയ്യേണ്ടത്. എന്നാല്‍, ഒരക്ഷരം ഉരിയാടാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ല’. രാഹുല്‍ എക്‌സില്‍ കുറിച്ചു.

‘നമ്മുടെ നാവികരെ കൊലപ്പെടുത്തിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അടുത്തയാഴ്ച ജി7 ഉച്ചകോടി നടക്കാനിരിക്കുകയാണ്. മോദിജി അവിടെപ്പോയി എല്ലാവരോടും ചിരിക്കും. കരാറുകളെല്ലാം അംഗീകരിക്കുകയും ചെയ്യും. അതേസമയം, ജീവന്‍ നഷ്ടപ്പെട്ട ആ മൂന്ന് ഇന്ത്യക്കാര്‍ക്ക് വേണ്ടി ഒരക്ഷരം അദ്ദേഹം ഉരിയാടുമെന്ന് തോന്നുന്നില്ല. ഇന്ത്യന്‍ മക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധിക്കാത്ത, സ്വാതന്ത്ര്യമില്ലാത്ത, അധികാരശക്തി വിനിയോഗിക്കാത്ത പ്രധാനമന്ത്രിയാണദ്ദേഹം. ആ മക്കളുടെ ജീവനെടുത്തവരോട് എതിരിടാന്‍ മാത്രമുള്ള ധൈര്യം അദ്ദേഹത്തിനില്ല’. രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഒമാന്‍ തീരത്ത് എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെയാണ് സ്ഥിരീകരിച്ചത്. കപ്പലിലുണ്ടായിരുന്ന ഡെക്ക് ആദിത്യ ശര്‍മ്മ, എഞ്ചിന്‍ ഫിറ്റര്‍ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയര്‍ പട്‌നാല സുരേഷ് എന്നിവരാണ് മരിച്ചതെന്ന് ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോണോവാള്‍ വ്യക്തമാക്കി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും തിരിച്ചറിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *