കോഴിക്കോട്: ഹൈക്കോടതി പ്ലീഡർ നിയമനങ്ങളിലെ അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി. ലീഗ് നൽകിയ പട്ടികയിൽ നിന്നും വളരെ കുറച്ചുപേർക്ക് മാത്രമാണ് നിലവിൽ നിയമനം ലഭിച്ചിരിക്കുന്നത്. 136 ഒഴിവുകളിൽ 80 പേരെ മാത്രമാണ് ഇതുവരെ നിയമിച്ചത്. മുഖ്യമന്ത്രി നേരിട്ട് നിയമനങ്ങൾ നടത്തുമ്പോൾ, ലീഗിന് കൂടുതൽ പരിഗണന ലഭിക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വം ശക്തമാക്കിയിട്ടുണ്ട്.
പാർട്ടിക്ക് 22 എംഎൽഎമാരും അഞ്ച് മന്ത്രിമാരും ഉണ്ടായിട്ടും, ലീഗിന്റെ പട്ടികയിൽ നിന്ന് എട്ടുപേരെ മാത്രമാണ് പരിഗണിച്ചത് എന്നത് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ലീഗ് നൽകിയ പട്ടികയിൽ മെറിറ്റുള്ള ഉദ്യോഗാർത്ഥികളെ പോലും തഴയുന്നുണ്ടെന്ന ആശങ്കയും പാർട്ടി പങ്കുവെക്കുന്നു. കൂടാതെ, യുവജന വിഭാഗങ്ങളായ യൂത്ത് ലീഗ്, എംഎസ്എഫ് എന്നിവയിലെ പല ഭാരവാഹികളും പട്ടികയിൽ ഉൾപ്പെടാത്തതും ചർച്ചയായിട്ടുണ്ട്. ബാക്കിയുള്ള 56 നിയമനങ്ങളിലെങ്കിലും അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ അത്രയും നിയമനങ്ങൾ പുതിയ സർക്കാരിനും സാധ്യമാണെന്നിരിക്കെ, നിലവിലെ പരിമിതമായ പ്രാതിനിധ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ലീഗ്.
