കല്‍പറ്റ: കമ്പളക്കാട് കോട്ടത്തറ വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍. വൈപ്പടിയില്‍ തനിച്ചു താമസിച്ചിരുന്ന കുത്തിനി വീട്ടില്‍ ഫാത്തിമയാണ് (85) കൊല്ലപ്പെട്ടത്. മേയ് 24 ന് വൈകിട്ട് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പണം നല്‍കാത്തതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. പതിനാറു വയസ്സുകാരനായ കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി. കൊലപാതകത്തിന് 22 ദിവസത്തിനു ശേഷമാണ് പ്രതി പൊലീസ് പിടിയിലായത്.

വയോധികയെ ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍വച്ച് കഴുത്തില്‍ വള്ളിചുറ്റിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മോഷണം, സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കല്‍, പണം ആവശ്യപ്പെട്ട് പ്രായമായ സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നയാളാണ് കുട്ടി. നിരന്തരം ശല്യക്കാരനായതിനെ തുടര്‍ന്ന് കുട്ടിയെക്കുറിച്ച് മുന്‍പും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

2025 ഫെബ്രുവരിയിലും 2026 ജനുവരിയിലുമായി രണ്ടുതവണ കുട്ടിക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മൃതദേഹം വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കഴുത്തിലെ എല്ലുകള്‍ക്കും ഇടതു വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ടായിരുന്നു. ശരീരത്തിലെ പല ഭാഗങ്ങള്‍ക്കും പരുക്കുകളും ഉണ്ടായിരുന്നു. ഫൊട്ടോഗ്രഫറായ കുത്തിനി ഉസ്മാന്റെ മാതാവാണ് ഫാത്തിമ.

Leave a Reply

Your email address will not be published. Required fields are marked *