കൊച്ചി: നെടുമങ്ങാട്ടെ ഒന്നരവയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. മുത്തശ്ശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നതെന്തെന്ന് വനിതാ ശിശുവികസന വകുപ്പിനോട് ഹൈക്കോടതി ചോദിച്ചു. ഹര്‍ജിയില്‍ വനിതാ ശിശുവികസന വകുപ്പിനെ ഹൈക്കോടതി കക്ഷിചേര്‍ത്തു. ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കി.

കുട്ടിയെ പീഡനത്തിന് ഇരയാക്കുന്നതായി അമ്മൂമ്മ വിളിച്ച് പറഞ്ഞിട്ടും വേണ്ട ഇടപെടല്‍ നടത്താതിരുന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ താല്‍ക്കാലിക ജീവനക്കാരനെതിരെ മന്ത്രി ബിന്ദു കൃഷ്ണ നടപടിയെടുത്തിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ വിളിച്ച് പരാതി പറഞ്ഞപ്പോള്‍ വേണ്ട ഇടപെടല്‍ നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഒന്നര വയസുകാരന്‍ പീഡനത്തിന് ഇരയായ വിവരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശവും പുറത്ത് വന്നിരുന്നു.

കുഞ്ഞിന്റെ അമ്മൂമ്മ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. അഖിലയുടെ അമ്മ റീനയാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെ സമീപിച്ചത്. കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞതിന് പിന്നാലെയാണ് നിസ്സഹായാവസ്ഥ റീന ഹെല്‍പ്പ് ലൈനില്‍ വിളിച്ച് അറിയിച്ചത്. എന്നാല്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാകും എന്നായിരുന്നു ഹെല്‍പ്പ്‌ലൈനില്‍ നിന്ന് അവര്‍ക്ക് ലഭിച്ച മറുപടി. മെയ് മൂന്നിനാണ് റീന ഹെല്‍പ്പ്‌ലൈനിലേക്ക് വിളിച്ചത്. 26-ാം ദിവസമാണ് കുഞ്ഞ് മരിച്ചത്.

മെയ് 29-നാണ് നെടുമങ്ങാട് ചോറ് കഴിക്കുന്നതിനിടെ ഛർദിച്ചുവെന്ന് പറഞ്ഞ് ഒന്നരവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ കുഞ്ഞ് മരിച്ചു. തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ നെഞ്ചിനേറ്റ ക്ഷതമാണ് മരണ കാരണമെന്ന് വ്യക്തമായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ പകുതിയും പഴയ മുറിവുകളായിരുന്നു.

വിശദമായ ചോദ്യം ചെയ്യലിൽ രണ്ടാനച്ഛൻ അഷ്‌കർ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ കുഞ്ഞിനെ അഷ്‌കർ മർദ്ദിച്ചിരുന്നതായി കുഞ്ഞിന്റെ അമ്മ അഖിലയും സമ്മതിച്ചിരുന്നു.

കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നാണ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകത്തില്‍ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *