ടെഹ്‌റാന്‍: യുഎസ്-ഇറാന്‍ സമാധാന നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ ലെബനനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഇസ്രയേലിന്റെ ആക്രമണത്തില്‍ ലെബനനില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നബാട്ടിയേയിലാണ് വലിയതോതില്‍ ആക്രമണം ഉണ്ടായത്.

ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. യുഎസുമായുള്ള സമാധാന കരാറില്‍ ലെബനനിലെ വെടിനിര്‍ത്തല്‍ കൂടി ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ഇസ്രയേല്‍ നീക്കം.

ടെഹ്‌റാനും യുഎസും തമ്മിലുള്ള വെടിനിര്‍ത്തല്‍ അംഗീകരിച്ചതു മുതല്‍ ലെബനനില്‍ 84 തവണ സമാധാനം കരാര്‍ ലംഘിക്കപ്പെട്ടതായി ഇറാന്‍ ആരോപിച്ചു. ആക്രമണം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം ട്രംപ് തന്നെ രംഗത്തെത്തിയിരുന്നു. ലെബനനില്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നായിരുന്നു ഇസ്രയേലിനോട് ട്രംപ് പറഞ്ഞത്. ലെബനനിലെ ആക്രമണം തനിക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്നും ലെബനനില്‍ താമസിക്കുന്നവര്‍ എല്ലാം ഹിസ്ബുള്ളകളല്ലെന്നും സാധാരണക്കാരുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

യുഎസുമായി ഉണ്ടാക്കുന്ന ഏത് കരാറിലും, ഇറാന്റെ ആസ്തികള്‍ മരവിപ്പിച്ച നടപടി റദ്ദാക്കുക, ഉപരോധം റദ്ദാക്കുക, ലെബനനിലെ ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങള്‍ ഉള്‍പ്പെടുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *