പത്തനംതിട്ട: വിവാഹശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നെന്ന് ആരോപിച്ച് മരട് സ്വദേശി നൽകിയ പരാതിയിൽ യുവാവിന് നഷ്ടപരിഹാരം അനുവദിച്ച് പത്തനംതിട്ട കുടുംബക്കോടതി. 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് ജഡ്ജി ഡോണി തോമസ് വർഗീസ് ഉത്തരവിട്ടത്. യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരും ഈ തുക നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി.

വിവാഹ സമയത്ത് വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണാഭരണമോ അല്ലെങ്കിൽ അതിന്റെ നിലവിലെ വിപണി മൂല്യമോ 6 ശതമാനം പലിശ സഹിതം തിരികെ നൽകാനും കോടതി ഉത്തരവിട്ടു. 2018 ജൂലൈയിൽ ഹർജി നൽകിയ തീയതി മുതൽ ഈ തുകയ്ക്ക് പലിശ ബാധകമായിരിക്കും. യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരുടെ സജീവ പങ്കാളിത്തവും ഗൂഢാലോചനയും ഹർജിക്കാരന്റെ വിവാഹ ജീവിതം തകർക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായി കോടതി നിരീക്ഷിച്ചു

ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. വിവാഹശേഷവും യുവതി മറ്റൊരു വ്യക്തിയുമായുള്ള ബന്ധം തുടർന്നെന്നും, വിവാഹത്തിന് മുൻപും ശേഷവും ഗർഭഛിദ്രം നടത്തിയ വിവരം മറച്ചുവെച്ചെന്നുമാണ് യുവാവിന്റെ പരാതി. വഞ്ചന, മാനസിക പീഡനം, കുടുംബത്തിന്റെ അന്തസ്സ് തകർത്തത് എന്നിവ കണക്കിലെടുത്താണ് കോടതി വിധി.

Leave a Reply

Your email address will not be published. Required fields are marked *