ഹിജാബ് ധരിക്കാതെ ഒരു ഓൺലൈൻ സംഗീത പരിപാടിയിൽ പങ്കെടുത്തതിന് ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിയെ 74 ചാട്ടവാറടി ശിക്ഷയ്ക്ക് വിധിച്ച് ഇറാനിയൻ ക്രിമിനൽ കോടതി. 2024-ൽ അഹമ്മദിയുടെ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത ഒരു സംഗീത പരിപാടിയുടെ പേരിലാണ് ശിക്ഷ. അവരുടെ പ്രൊഡക്ഷൻ ടീമിലെ എട്ട് അംഗങ്ങളേയും സമാനമായ കുറ്റത്തിന് ശിക്ഷിച്ചിട്ടുണ്ട്.
ഇറാനിലെ ഖോം പ്രവിശ്യയിലെ ഒരു ക്രിമിനൽ കോടതിയാണ് ചാട്ടവാറടിയും രാജ്യം വിടുന്നതിന് രണ്ട് വർഷത്തെ വിലക്കും, കലാപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് രണ്ട് വർഷത്തെ വിലക്കും ഏർപ്പെടുത്തി ഉത്തരവിറക്കിയത്. “അശ്ലീലവും അധാർമികവുമായ ഉള്ളടക്കം” എന്ന് കണക്കാക്കുന്ന കണ്ടൻ്റ് പങ്കുവെച്ചതിലൂടെ പബ്ലിക് ഡീസൻസിക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അതേസമയം, ഇറാൻ്റെ ജുഡീഷ്യറി വാർത്താ ഏജൻസി ഇതുവരെ ഈ വിധി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല.
മനുഷ്യാവകാശ വക്താക്കൾ ശിക്ഷയെ ശക്തമായി അപലപിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ മനുഷ്യാവകാശ സാഹചര്യങ്ങൾ വലിയ മാറ്റമില്ലാതെ തുടരുന്നു എന്നതിന്റെ തെളിവാണ് ശിക്ഷയെന്ന് ഇറാനിലെ യുഎസ് ആസ്ഥാനമായുള്ള സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് വിശേഷിപ്പിച്ചു. നിയമ വിദഗ്ധരും വിധിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഇറാനിയൻ നിയമം അനുസരിച്ച് സ്ത്രീകൾ പാടുന്നത് കുറ്റകരമല്ലെന്ന് മനുഷ്യാവകാശ അഭിഭാഷകൻ മൊയിൻ ഖസേലി വ്യക്തമാക്കി. രാഷ്ട്രീയ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലും ഇറാനിലെ അടിച്ചമർത്തൽ തുടരുന്നുവെന്നതിന് ഇത് ഉദാഹരണമാണെന്നാണ് ശിക്ഷയെ കുറിച്ച് ഇറാനിയൻ-ബ്രിട്ടീഷ് നടൻ നസാനിൻ ബോണിയാഡി പ്രതികരിച്ചത്.
2024 ഡിസംബറിൽ ഒരു ഓൺലൈൻ സംഗീത പരിപാടിയിൽ പരാസ്തൂ, ‘അസ് ഖൂനെ ജവാനേ വതൻ’ എന്ന ദേശഭക്തി ഗാനം ആലപിച്ചതോടെയാണ് വിവാദത്തിന് തുടക്കം. ഹിജാബ് ഇല്ലാതെയാണ് വീഡിയോയിൽ അഹമ്മദി പ്രത്യക്ഷപ്പെട്ടത്. ലൈവ് സ്ട്രീം ചെയ്ത പ്രകടനത്തിൻ്റെ വീഡിയോ പിന്നീട് വൈറലായി.ഇതിന് പിന്നാലെ അഹമ്മദിയെയും കൂടെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടവരേയും അധികൃതർ താൽക്കാലികമായി കസ്റ്റഡിയിലെടുത്തു. പിന്നീട് അവരെ വിട്ടയച്ചെങ്കിലും, വീഡിയോ പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ പിന്നീട് അവർക്കെതിരെ ഔദ്യോഗിക കേസ് ഫയൽ ചെയ്യുകയായിരുന്നു.
