തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ നിയമസഭയിൽ വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉൽപ്പാദനം 17 ശതമാനം വർധിപ്പിച്ചിട്ടുണ്ടെങ്കിലും, എൽ നിനോ പ്രതിഭാസം മൂലമുണ്ടായ അമിത ചൂടും അണക്കെട്ടുകളിലെ ജലലഭ്യതയിലെ കുറവും വലിയ തിരിച്ചടിയായെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ 4,900 മെഗാവാട്ട് വരെ വൈദ്യുതി ഉപഭോഗം ഉയരുമ്പോൾ, മഴ ശക്തമാകാത്തത് അണക്കെട്ടുകളിലെ ജലനിരപ്പ് 48 ശതമാനത്തിൽ നിന്ന് 21 ശതമാനമായി താഴാൻ കാരണമായിട്ടുണ്ട്.

വൈദ്യുതി ഉപഭോഗത്തിൽ പ്രതിദിനം 10 ദശലക്ഷം യൂണിറ്റിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുൻപ് കടം വാങ്ങിയ വൈദ്യുതി ജൂണിൽ തിരിച്ചുനൽകേണ്ടതുണ്ട്. പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങലിന് കെ.എസ്.ഇ.ബി ടെണ്ടർ ക്ഷണിച്ചെങ്കിലും ഈ മാസത്തേക്ക് ആരും പ്രതികരിച്ചില്ല. ജൂലൈയിലേക്ക് ടെണ്ടർ ലഭിച്ച കമ്പനി യൂണിറ്റിന് 10.99 രൂപ ആവശ്യപ്പെട്ടെങ്കിലും, 10 രൂപയിൽ കൂടുതൽ ചെലവാക്കരുതെന്ന റെഗുലേറ്ററി കമ്മീഷന്റെ നിർദ്ദേശമുണ്ട്. ഇതിൽ ഇളവ് തേടി കമ്മീഷന് കത്ത് നൽകിയിട്ടുണ്ടെന്നും പ്രതിസന്ധി തുടർന്നാൽ നിയന്ത്രണങ്ങൾ അടുത്ത മാസവും നീളുമെന്നും മന്ത്രി അറിയിച്ചു. കായികമേഖലയ്ക്ക് അസൗകര്യമുണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *