ന്യൂ ഡൽഹി: മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി പത്മഭൂഷണ്‍ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന രണ്ടാമത് സിവിൽ ഇൻവെസ്റ്റിറ്റ്യൂച്ചർ ചടങ്ങിലാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും സന്നിഹിതനായിരുന്നു.

ഇന്ത്യൻ സിനിമയ്ക്കും കലയ്ക്കും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്‌കാരമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്. ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകനും നടനുമായ ദുൽഖർ സൽമാൻ എന്നിവരും നടനൊപ്പമുണ്ടായിരുന്നു.

പത്മവിഭൂഷൺ, ഏഴ് പത്മഭൂഷൺ, 56 പത്മശ്രീ എന്നിവയുൾപ്പെടെ 65 പുരസ്കാരങ്ങളാണ് ഇന്ന് വിതരണം ചെയ്‌തത്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്കാരങ്ങൾ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രതിഭകൾക്കാണ് നൽകിയത്.

മമ്മൂട്ടിക്കും അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പുരസ്‌കാരങ്ങളുണ്ട്. മരണാനന്തര ബഹുമതിയായാണ് വി എസിന് പത്മവിഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. മുന്‍ സുപ്രീംകോടതി ജഡ്‌ജി കെ ടി തോമസിന് പത്മവിഭൂഷണും ലഭിച്ചു.

ഗായിക അല്‍ഖ യാഗ്‌നിക്കിനും പത്മഭൂഷണ്‍ പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യൻ സിനിമയ്ക്കും സംഗീതത്തിനും നൽകിയ സംഭാവനകൾക്കാണ് പുരസ്‌കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് നടനും ചലച്ചിത്രകാരനുമായ ആർ മാധവന് ഇന്ന് പത്മശ്രീ പുരസ്‌കാരം ലഭിക്കും. നടന്മാരായ പ്രൊസെൻജിത് ചാറ്റർജി, ആർ മാധവൻ, അന്തരിച്ച സതീഷ് ഷാ എന്നിവർക്ക് പത്മശ്രീ ലഭിച്ചു.

1998 ല്‍ രാജ്യം പദ്‌മശ്രീ നല്‍കി മമ്മൂട്ടിയെ ആദരിച്ചിരുന്നു. ഇപ്പോള്‍ 28 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പത്മഭൂഷണ്‍ നല്‍കുന്നത്. മികച്ച നടനുള്ള ഏഴ് പുരസ്‌കാരമുള്‍പ്പെടെ 10 സംസ്ഥാന അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണയും ആ മഹാനടന്‍ നേടിയിട്ടുണ്ട്.

തമിഴ്, ഹിന്ദി, തെലുഗു, കന്നഡ ഭാഷകളിലെല്ലാം തന്‍റെതായ കൈയൊപ്പ് പതിപ്പിച്ച മമ്മൂട്ടി ഇന്ത്യന്‍ സിനിമയിലെ തിളങ്ങുന്ന താരമാണ്. ഓരോ കഥാപാത്രവും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്‌ന്നിറങ്ങുന്ന തരത്തിലാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് മമ്മൂട്ടി വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് ‘ദേവലോകം’ എന്ന ചിത്രത്തില്‍ വേഷമിട്ടു. ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍’ എന്ന ചിത്രത്തിലാണ് ആളുകള്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തിലേക്ക് മമ്മൂട്ടി എത്തിപ്പെട്ടത്. പിന്നീട് കെ ജി ജോര്‍ജിന്‍റെ ‘മേള’ എന്ന ചിത്രത്തില്‍ ഉപനായകനായി വേഷമിട്ടു. മമ്മൂട്ടിക്ക് ലഭിച്ച ആദ്യത്തെ ദൈര്‍ഘ്യമേറിയ കഥാപാത്രമായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *