തിരുവനന്തപുരം: നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനുമായി പഴയ പിഡബ്ല്യുഡി മാന്വല്‍ പൂര്‍ണ്ണമായും പൊളിച്ചെഴുതുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍. പുതുക്കിയ ബജറ്റിലെ പൊതുമരാമത്ത് വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്ത് ആദ്യമായി പിഡബ്ല്യുഡിയില്‍ ഒരു പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കും. ടാറിങ്ങിനുള്ള ബിറ്റുമിന് വില വര്‍ദ്ധിച്ചതിലെ അന്തരം കരാറുകാര്‍ക്ക് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്നും മണ്‍സൂണ്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ റോഡുകളിലെ കുഴിയടയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാലതാമസമാണ് പാലങ്ങളുടെയും റോഡുകളുടെയും നിര്‍മ്മാണത്തില്‍ പ്രധാന തടസ്സമായി നില്‍ക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പണി കഴിഞ്ഞിട്ടും അപ്രോച്ച് റോഡില്ലാത്ത 24 പാലങ്ങള്‍ സംസ്ഥാനത്തുണ്ട്. വികസനം വരുമ്പോള്‍ ഭൂമിയുടെ വില വര്‍ദ്ധിക്കുമെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ജനപ്രതിനിധികള്‍ തയ്യാറാകണം. രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തുടനീളം വികസനം ഉറപ്പാക്കുമെന്നും പഴയ വിവേചനങ്ങള്‍ പുതിയ സര്‍ക്കാര്‍ ആവര്‍ത്തിക്കില്ലെന്നും മന്ത്രി പറഞ്ഞ
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കിയ പ്രവര്‍ത്തികളിലെ വീഴ്ചകള്‍ കര്‍ശനമായി പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പത്തുശതമാനം ടെന്‍ഡര്‍ വ്യത്യാസത്തില്‍, ബിഡ് കപ്പാസിറ്റി നോക്കാതെ പരിധിയില്ലാതെ ജോലികള്‍ നല്‍കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ തെറ്റായ രീതി മൂലം പലയിടത്തും വര്‍ക്കുകള്‍ തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ മുഖം നോക്കാതെയുള്ള നടപടികളുണ്ടാകും. മലപ്പുറം നഗരത്തെ വികസിപ്പിക്കാന്‍ സിറ്റി റോഡ് ഇംപ്ലിമെന്റേഷന്‍ പദ്ധതിയും സിവില്‍ സ്റ്റേഷനില്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ പുതിയ റവന്യൂ ടവറും നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഫ്ളൈഓവര്‍, ബൈപ്പാസ്, ജങ്ഷന്‍ നവീകരണം എന്നിവ നടപ്പിലാക്കുന്നതിനായി എംഎല്‍എമാരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. മൂന്ന് മാസത്തിനകം ഈ സമിതി പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് സര്‍ക്കാരിനുണ്ടെന്നും കഴിഞ്ഞ ബജറ്റിനേക്കാള്‍ 278 കോടി രൂപ അധികമായി ഇത്തവണ വകുപ്പിന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *